കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ മേഖലയിലുടനീളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ്ങ്, അനിമല്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍.
വിജയ് ദേവരകൊണ്ടയെ നായകനാക്കി 2017ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് റെഡ്ഡി ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത്. സ്ത്രീവിരുദ്ധതയും മറ്റും കാരണം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ഈ ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയുടെ സിനിമാ കരിയര്‍ തന്നെ മാറിയിരുന്നു.
ഇപ്പോള്‍ ഇന്ത്യാടുഡേ.ഇന്നിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രത്തിലേക്ക് താന്‍ ആഗ്രഹിച്ചിരുന്നത് മറ്റൊരു താരത്തെ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സന്ദീപ് റെഡ്ഡി. വിജയ് ദേവരകൊണ്ടക്ക് പകരം അല്ലു അര്‍ജുനിനെയായിരുന്നു അദ്ദേഹം ആദ്യം ആഗ്രഹിച്ചത്.
‘ഞാന്‍ 2011ല്‍ നടന്‍ അല്ലു അര്‍ജുനുമായി ഒരു കഥയെ പറ്റി സംസാരിച്ചിരുന്നു. പക്ഷേ ആ സിനിമ നടന്നില്ല. അതിന് ശേഷം അര്‍ജുന്‍ റെഡ്ഡിയുടെ കഥ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ എനിക്ക് അല്ലുവിനെ കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ അര്‍ജുന്‍ റെഡ്ഡിയിലേക്ക് വിജയ്യെ തീരുമാനിക്കുന്നതിന് മുമ്പായിരുന്നു ഇത്.
പിന്നെ ആ സിനിമയുടെ കഥ ഒന്നിലധികം അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും അടുത്ത് ചെന്ന് സംസാരിച്ചു. പിന്നീട് ഞാന്‍ സിനിമ നിര്‍മിച്ചാല്‍ മതിയെന്ന് എനിക്ക് തോന്നി. അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് എന്നോട് വിജയ്‌യെ കുറിച്ച് പറയുന്നത്.
രണ്ടാഴ്ചക്ക് ശേഷം ഞാന്‍ വിജയ്‌യെ കണ്ട് സംസാരിച്ചു. അര്‍ജുന്‍ റെഡ്ഡിയുടെ കഥ അവനോട് പറഞ്ഞു. വൈകാതെ ഞങ്ങള്‍ ഷൂട്ടിങ്ങും ആരംഭിച്ചു. പക്ഷെ എന്റെ ആദ്യ സിനിമയിലേക്ക് ഞാന്‍ അല്ലു അര്‍ജുനെ ആഗ്രഹിച്ചിരുന്നു,’ സന്ദീപ് റെഡ്ഡി വംഗ പറയുന്നു.
Content Highlight: Sandeep Reddy Vanga Talks About Allu Arjun And Arjun Reddy