തിരുവന്തപുരം: സെക്‌സി ദുര്‍ഗക്ക് അര്‍ഹിച്ച പരിഗണന ഐ.എഫ്.എഫ്.കെയില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സമാന്തര പ്രദര്‍ശനം നടത്താനൊരുങ്ങി സനല്‍കുമാര്‍ ശശിധരന്‍. വിവിധ മേളകളില്‍ വിവിധ അംഗീകാരങ്ങള്‍ ലഭിച്ച സെക്‌സി ദുര്‍ഗയെ ഐ.എഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തില്‍ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന ചിത്രം ഫെസ്റ്റിവലിന് അയക്കേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു.
പിന്നീട് ചിത്രത്തിന്റെ നിര്‍മ്മാതാവിന് ചിത്രത്തെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തുവെന്നും എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ അത് നിരസിച്ചുവെന്നും മെയില്‍ അയച്ചു. അക്കാദമിയുടെ ഈ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് ചിത്രത്തിന് സമാന്തര പ്രദര്‍ശനം ഒരുക്കാന്‍ സംവിധായകന്‍ ആലോചിക്കുന്നത്.
ഇതിനായി പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ സനല്‍കുമാര്‍ ശശിധരന്‍ ആരാഞ്ഞിട്ടുണ്ട്. ഐ.എഫ്.എഫ്.കെയുടെ സമയത്ത് സമാന്തരമായി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണ് പൂര്‍ണ്ണമായി ഫെസ്റ്റിവലിനെ തള്ളികൊണ്ടാണ് ഇത് ഫെസ്റ്റിവലില്‍ കൂറെ നല്ല സിനിമകള്‍ ഉണ്ടെന്ന് അറിയാം. എന്താണ് നിങ്ങളുടെ അഭിപ്രായം. അദ്ദേഹം ചോദിക്കുന്നു.
ഇത് ഒരു പരീക്ഷണം മാത്രമാണ്. ഇതിനെ പിന്തുണക്കാന്‍ ആരൊക്കെയുണ്ട്? മുഴുവന്‍ സമയം ഞാന്‍ അവിടെയുണ്ടാകില്ല കോസ്റ്ററിക്കയില്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനമുണ്ട്.ഇതിനായി സമയം ചിലവഴിക്കാന്‍ തയ്യാറുള്ള വര്‍ അറിയിക്കുക എന്നും പോസ്റ്റില്‍ സനല്‍കുമാര്‍ പറയുന്നു.
കേരള ചലച്ചിത്ര അക്കാദമിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളാ ചലച്ചിത്ര അക്കാദമി സെക്സി ദുര്‍ഗ എന്ന സിനിമയുടെ കാര്യത്തില്‍ കളിക്കുന്ന കളി ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കപ്പെടേണ്ടവയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ അക്കാദമി ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.