തെന്നിന്ത്യയുലെ വിവിധ ഇന്‍ഡസ്ട്രികളിലെ തന്റെ സിനിമകള്‍ കൊണ്ട് ശ്രദ്ധ നേടുകയാണ് സംയുക്ത. ധനുഷിനൊപ്പമുള്ള വാത്തിയുടെ വിജയത്തിന് പിന്നാലെ തെലുങ്ക് ചിത്രം വിരൂപാക്ഷയും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ തെലുങ്ക് മാധ്യമ പ്രവര്‍ത്തകന് സംയുക്ത കൊടുത്ത മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്തു തോന്നിയെന്നായിരുന്നു ചോദ്യം.
‘വിജയ ശതമാനം നോക്കിയാണ് തെലുങ്ക് സിനിമയില്‍ നായികമാരെ തെരഞ്ഞെടുക്കുന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന നടിമാര്‍ക്ക് ‘സ്വര്‍ണ കാലുള്ളവര്‍ (heroine with golden leg) എന്ന ടാഗ് ലഭിക്കാറുണ്ട്. അതുപോലെ പരാജയങ്ങള്‍ സംഭവിക്കുന്ന നടിമാര്‍ക്ക് ‘ഇരുമ്പ് കാലുള്ളവര്‍’ എന്ന ടാഗും ലഭിക്കാറുണ്ട്. സ്വര്‍ണ കാല്‍ ടാഗിനോട് എന്ത് തോന്നുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
ഇത് വളരെ മോശം പ്രവണതയാണെന്നായിരുന്നു സംയുക്തയുടെ മറുപടി. ‘ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവും. വിജയങ്ങളുണ്ടാകുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയും നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നതിലൂടെയും സ്ത്രീകള്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയങ്ങളുണ്ടാകുന്നത്.
സ്വര്‍ണ കാലും ഇരുമ്പുകാലുമൊക്കെ പഴകിയ സങ്കല്‍പ്പങ്ങളാണ്. ഒരു നടിയെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാവരുത് തെരഞ്ഞെടുക്കുന്നത്. ഒരു കഥാപാത്രത്തിന് അനുയോജ്യയാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം കാസ്റ്റ് ചെയ്യേണ്ടത്,’ സംയുക്ത പറഞ്ഞു. സംയുക്തയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയത്.