Mollywood
അത് വംശീയ വിവേചനം തന്നെയാണ്; വംശീയം എന്ന വാക്ക് പിന്‍വലിക്കണമെന്ന് പറയുന്നവരോട് സാമുവല്‍ റോബിന്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 31, 04:44 am
Saturday, 31st March 2018, 10:14 am

 

സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിദ്വേഷം നേരിടേണ്ടി വന്നുവെന്ന ആരോപണത്തെ എതിര്‍ക്കുന്നവര്‍ക്ക് വിശദീകരണവുമായി സാമുവല്‍ റോബിന്‍സണ്‍. വംശീയ വിവേചനം എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്.

“എനിക്കു നേരിട്ട അനുഭവം വംശീയ വിചേചനമാണെന്ന് ഞാന്‍ കരുതുന്നു. കാരണം സിനിമയില്‍ ഒട്ടും അനുഭവപരിചയമില്ലാത്തയാള്‍ക്കു പോലും മലയാള സിനിമാ വ്യവസായ രംഗത്ത് ഇതില്‍ക്കൂടുതല്‍ തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. ” എന്നാണ് സാമുവല്‍ പറയുന്നത്.


Also Read: സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടു: വെളിപ്പെടുത്തലുമായി സാമുവല്‍ റോബിന്‍സണ്‍


നിര്‍മ്മാതാക്കളില്‍ നിന്നു മാത്രമാണ് താന്‍ വംശീയ അധിക്ഷേപം നേരിട്ടതെന്നും കേരളത്തിലെ പൊതുജനങ്ങളില്‍ നിന്നും അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നു.

സാമുവലിന്റെ പോസ്റ്റ്:

“മലയാളത്തിലെ നവാഗതര്‍ക്കു നല്‍കുന്നതിനേക്കാള്‍ വളരെ കുറച്ചു തുക മാത്രമാണ് എനിക്കു ലഭിച്ചത്. അത് വാസ്തവമാണ്. ഞാന്‍ ആ പണം സ്വീകരിക്കുകയും ചെയ്തു. നൈജീരിയയില്‍ ഞാന്‍ നേടുന്നതിനേക്കാള്‍ കുറച്ച്. ഈ ചിത്രം വളരെക്കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ഒരു സ്വതന്ത്ര സിനിമയാണെന്നു ധരിച്ചായിരുന്നു അത്. എന്നാല്‍ ഈ ചിത്രം അത്ര തരക്കേടില്ലാത്ത ബജറ്റില്‍ ഒരുക്കിയ ഒന്നാണെന്ന് ഇന്റര്‍നെറ്റിലെ പല റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലായി. വാക്കു പറഞ്ഞതുപോലെ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന ധാരണയില്‍ ചിത്രത്തിന്റെ പ്രമോഷനെ വളരെ നന്നായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഏഴുദിവസത്തിനുള്ളില്‍ ബജറ്റിന്റെ ഇരട്ടി ചിത്രം ബോക്‌സോഫീസില്‍ നേടി.”

“കേരളത്തിലെ പൊതുജനങ്ങളില്‍ നിന്നും എനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്നതിനാല്‍ കേരളത്തിലെ എല്ലാവരും വംശീയ വിദ്വേഷികളാണെന്ന് ഞാന്‍ കരുതുന്നില്ല. കേരളത്തിലെ എന്റെ താമസം നന്നായി ആസ്വദിച്ചിട്ടുണ്ട്. ആ സംസ്‌കാരവും, ബിരിയാണിയും എല്ലാം.”


Must Read: വംശീയം എന്ന വാക്ക് പിന്‍വലിക്കണം: വംശീയവിവേചനമെന്ന ആരോപണമുന്നയിച്ച സുഡുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം


നിര്‍മ്മാതാക്കള്‍ക്ക് എളുപ്പം നല്‍കാന്‍ കഴിയുന്ന മാന്യമായ ശമ്പളം നല്‍കിയിട്ടില്ലയെന്നത് മനസിലാക്കുന്നതിന് പകരം എന്റെ പൊതുജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ഇത്തരത്തില്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. അതെന്നെ വേദനിപ്പിക്കുന്നു. എനിക്കു നേരിട്ട അനുഭവം വംശീയ വിചേചനമാണെന്ന് ഞാന്‍ കരുതുന്നു. കാരണം സിനിമയില്‍ ഒട്ടും അനുഭവപരിചയമില്ലാത്തയാള്‍ക്കു പോലും മലയാള സിനിമാ വ്യവസായ രംഗത്ത് ഇതില്‍ക്കൂടുതല്‍ തുക പ്രതിഫലമായി ലഭിക്കുന്നുണ്ട്. ”

സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടിട്ടുണ്ടെന്ന് കഴിഞ്ഞദിവസമാണ് സാമുവല്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. വളരെക്കുറഞ്ഞ പ്രതിഫലം മാത്രമാണ് തനിക്കു ലഭിച്ചതെന്നും സിനിമ വിജയിച്ചാല്‍ കൂടുതല്‍ തുക നല്‍കാമെന്ന വാഗ്ദാനം പാലിച്ചിട്ടില്ലെന്നുമാണ് സാമുവല്‍ പറഞ്ഞത്.

എന്നാല്‍ സാമുവലിന്റേത് പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയം മാത്രമാണെന്നും അതില്‍ വംശീയത ആരോപണം ചേര്‍ക്കേണ്ടതില്ലെന്നും പറഞ്ഞ് നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സാമുവലിന്റെ കുറിപ്പ്.


ഡൂള്‍ന്യൂസ് വീഡിയോ ഇന്റര്‍വ്യൂ കാണാം