Advertisement
Entertainment
ചെറിയ പുള്ളികളല്ല, സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഗില്ലും സുദര്‍ശനും നടന്നുകയറിയത് ഇടിവെട്ട് ലിസ്റ്റിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 22, 06:58 am
Tuesday, 22nd April 2025, 12:28 pm

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അവരുടെ ഹോംഗ്രൗണ്ടില്‍ തകര്‍ത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടൈറ്റന്‍സ് വിജയിച്ചത്. 199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 159 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 114 റണ്‍സാണ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലിലെ ഒരു തകര്‍പ്പന്‍ റെക്കോഡിലേക്കും ഗില്‍- സുദര്‍ശന്‍ കോമ്പോ ഇടം പിടിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 100+ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന കോമ്പോയുടെ ലിസ്റ്റിലാണ് ഇരുവരും ഇടംപിടിച്ചത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഗില്‍- സുദര്‍ശന്‍ കോമ്പോയുള്ളത്. ബെംഗളൂരുവിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരായ കോഹ്‌ലി- എ.ബി. ഡിവില്ലിയേഴ്‌സ് കോമ്പോയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 10 തവണയാണ് ഈ കോമ്പോ 100+ പാര്‍ട്ണര്‍ഷിപ്പ് നേടിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 100+ പാര്‍ട്ണര്‍ഷിപ്പ് നേടിയ ബാറ്റര്‍മാര്‍ (താരങ്ങള്‍, ടീം എന്ന ക്രമത്തില്‍)

വിരാട് കോഹ്‌ലി- എ.ബി. ഡിവില്ലിയേഴ്‌സ് (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 10
ക്രിസ് ഗെയ്ല്‍- വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു)- ഒമ്പത്
ശിഖര്‍ ധവാന്‍- ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരബാദ്)- ആറ്
ഫാഫ് ഡുപ്ലെസി- വിരാട് കോഹ്‌ലി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) ആറ്
സായ് സുദര്‍ശന്‍- ശുഭ്മന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്)- ആറ്

199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 43 റണ്‍സ് നേടുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും കൊല്‍ക്കത്തക്ക് നഷ്ടമായി. ചാമ്പ്യന്മാര്‍ക്കായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് മികച്ച പോരാട്ടം കാഴ്ച വെച്ചത്. 36 പന്തില്‍ 50 റണ്‍സ് നേടിയ രഹാനെയെ വെങ്കടേഷ് അയ്യറിന്റെ പന്തില്‍ ബട്‌ലര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു.

ടൈറ്റന്‍സിനായ മികച്ച ബൗളിങ് കാഴ്ചവെച്ചത് റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയുമായിരുന്നു. രണ്ട് വീതം വിക്കറ്റുകള്‍ ഇരുവരും സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Content Highlight: Shubman Gill Sai Sudarshan enterted in most 100+ partnership list in IPL