ഒരേ തൊഴില്‍; ദലിതര്‍ ചെയ്യുമ്പോള്‍ 'മോഷണ'വും ബനിയമാര്‍ ചെയ്യുമ്പോള്‍ 'നിക്ഷേപ'വുമാകുന്നതെങ്ങനെ?
DISCOURSE
ഒരേ തൊഴില്‍; ദലിതര്‍ ചെയ്യുമ്പോള്‍ 'മോഷണ'വും ബനിയമാര്‍ ചെയ്യുമ്പോള്‍ 'നിക്ഷേപ'വുമാകുന്നതെങ്ങനെ?
ജെ. രഘു
Tuesday, 3rd December 2024, 12:49 pm
ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യുമ്പോള്‍, ഈ തൊഴില്‍ കുറുവസംഘത്തിന് 'നാണക്കേടാ'യി മാറുകയും ക്രമേണ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗുജറാത്ത് ബനിയ സംഘത്തിന്റെ കാര്യത്തില്‍, വലിയ സാമ്പത്തികനേട്ടങ്ങള്‍, സാമ്പത്തിക കുറ്റകൃത്യത്തെ അന്തസ്സാക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമായി മാറുകയും ചെയ്യുന്നു. മറ്റൊരു വ്യത്യാസം, കുറുവ സംഘത്തിന്റെ തൊഴില്‍ മേഖല വളരെ പ്രാദേശികമാണെങ്കില്‍ ഗുജറാത്ത് ബനിയസംഘത്തിന്റെ തൊഴില്‍ മേഖല ആഗോള വ്യാപകമാണ് എന്നതാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത്, തമിഴ്‌നാട് സ്വദേശികളായ ചില മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് അച്ചടി – ദൃശ്യമാധ്യമങ്ങള്‍ മത്സരിച്ചു നല്‍കിയ റിപ്പോര്‍ട്ടുകള്‍, ‘പട്ടികജാതി – പട്ടികവര്‍ഗ്ഗ (അതിക്രമം തടയല്‍) ‘നിയമ’ത്തിന്റെ നഗ്നമായ ലംഘനമാണ്.

‘കുറുവ സംഘം പിടിയില്‍’, ‘വീണ്ടും കുറുവ സംഘം കൊച്ചിയില്‍’, ‘കുറുവസംഘത്തെ പേടിക്കുക തന്നെ വേണം’, ‘എതിര്‍ത്താല്‍ കുറുവ സംഘം കൊല്ലാനും മടിയ്ക്കില്ല’ ഇങ്ങനെ പോകുന്നു തലക്കെട്ടുകള്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍, പത്രങ്ങളിലും ചാനലുകളിലും ‘കുറുവസംഘ’ത്തെക്കുറിച്ച് അപസര്‍പ്പക നോവലുകളെ വെല്ലുന്ന സ്റ്റോറികളുടെയും റിപ്പോര്‍ട്ടുകളുടെയും പ്രവാഹമായിരുന്നു.

തമിഴ്‌നാട്ടില്‍, ‘പട്ടികജാതി’യിലും കേരളത്തില്‍ ‘പട്ടികവര്‍ഗ’ത്തിലും ഉള്‍പ്പെട്ട ഒരു ജാതിയാണ് ‘കുറുവ’ എന്നത്. എറണാകുളത്ത്, കുണ്ടന്നൂരില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട സന്തോഷ് സെല്‍വരാജനും മണികണ്ഠനും കുറുവജാതിക്കാരാണ്.

സന്തോഷ് സെല്‍വരാജന്‍, മണികണ്ഠന്‍ എന്നീ രണ്ടു വ്യക്തികള്‍ നടത്തിയ മോഷണം പെട്ടെന്ന് ‘കുറുവമോഷണ’മായും ‘കുറുവ മോഷ്ഠാക്ക’ളായും മാറിയതെന്തുകൊണ്ട്?

അന്വേഷണ സംഘത്തില്‍പ്പെട്ട പോലീസുകാര്‍, മോഷ്ടാക്കളെയല്ല, ‘കുറുവസംഘ’ത്തെയാണ് കീഴടക്കിയത്! ‘കുറുവ സ്റ്റൈല്‍ മോഷണ’ത്തെ കുറിച്ച് അവര്‍ മാധ്യമങ്ങളോട് വാചാലരായി; ”മോഷണം നടത്തുമ്പോള്‍ കുറുവ സംഘം കൈയുറകള്‍ ധരിക്കും”, ”മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല’, ‘ശരീരത്തില്‍ എണ്ണയും മുട്ടയുടെ മഞ്ഞക്കരുവും പിരട്ടും, പിടികിട്ടാതിരിക്കാന്‍’ കള്ളന്‍മാരുടെ സൂത്രങ്ങള്‍ എന്നതിനെക്കാള്‍, ‘കുറുവസംഘ’ത്തിന്റെ സൂത്രങ്ങളായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്.

കുണ്ടന്നൂരില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട സന്തോഷ് സെല്‍വരാജനും മണികണ്ഠനുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച വിവിധ മാധ്യമവാര്‍ത്തകളുടെ തലക്കെട്ടുകള്‍

സന്തോഷും മണികണ്ഠനും ഒരു കളവു കേസില്‍ അറസ്റ്റിലായതോടെ, തമിഴ്‌നാട്ടിലെ ദലിതരായ കുറുവ സമുദായം ഒന്നടങ്കം മലയാള മാധ്യമ ഭാവനയില്‍ ഒരു ‘തിരുട്ടു സമുദായ’മായി മാറുകയാണുണ്ടായത്. ‘കുറുവസംഘം’ എന്ന വിശേഷണം അച്ചടി – ദൃശ്യമാധ്യമങ്ങളുടെ ഭാവനയില്‍  വിചിത്രമായ വേഷച്ചര്‍ച്ചകളും രൂപങ്ങളുമെടുത്തു.

നമ്മുട ദ്രാവിഡ തായ് കുടുംബത്തിന്റെ ഭാഗമായ തമിഴ്‌നാട്ടിലെ ഒരു ദലിത് ജനത, എത്ര പെട്ടെന്നാണ് മലയാളികള്‍ക്കു മുന്നില്‍, ഭീകര – വിദ്വേഷ-ഭയങ്ങളുടെ ബീഭത്സപ്രതീകമായി പരിണമിച്ചത്. ആരാണിതിനു കാരണക്കാര്‍? കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരാണ് ഈ ജാതി കുറുവാളികള്‍.

സന്തോഷിന്റെയും മണികണ്ഠന്റെയും അറസ്റ്റിനെ തുടര്‍ന്ന്, മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദ്ദോഷമായ യക്ഷിക്കഥാനിര്‍മാണ മത്സരമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ആര്യ – ബ്രാഹ്മണ ഭൂദേശ സംസ്‌കാരത്തിനും ജാതിവാഴ്ചയ്ക്കുമെതിരായ ചരിത്രപ്രതിരോധത്തിന്റെ പ്രതീകമായ തമിഴ്‌നാടിനോടും തമിഴ് ജനതയോടുമുള്ള സവര്‍ണ മുന്‍വിധിയും ഭയവുമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

ആര്യ – വംശീയ വാദികളെയും ഹിന്ദു ഫാസിസ്റ്റുകളെയും പേടിപ്പിക്കുന്ന ഒരു ഭൂദേശപ്പേരാണ് തമിഴ്‌നാട്. കാരണം, അത് ‘ആര്യ’നെതിരെ ‘ദ്രാവിഡ’നെ മുന്നോട്ടു വെയ്ക്കുന്നു. വംശീയ – ജാതീയ ഭാഷാരൂപമായ സംസ്‌കൃതത്തിനെതിരെ ജനാധിപത്യ ഭാഷയായ തമിഴിനെ മുന്നോട്ടു വെയ്ക്കുന്നു.

ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് ഇത്രയേറെ വെല്ലുവിളി ഉയര്‍ത്തുന്ന ഭൂദേശമോ സംസ്‌കാരമോ ഭാഷയോ ഇന്ത്യയിലില്ല. അതിനാല്‍, ആ ജനതയേയും സംസ്‌കാരത്തെയും തരം കിട്ടുമ്പോഴെല്ലാം അപമാനിക്കുകയും അവര്‍ക്കെതിരെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയുമെന്നത് ഹിന്ദുഫാസിസ്റ്റുകളുടെ അജണ്ടയാണ്.

‘കുറുവസംഘ’ത്തെക്കുറിച്ച് യക്ഷിക്കഥകള്‍ പ്രചരിപ്പിച്ച മലയാള മാധ്യമങ്ങള്‍ ഈ അജണ്ടയാണ് നടപ്പാക്കിയത്.

‘കുറുവസംഘ’ത്തെ ക്കുറിച്ച് മലയാള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, സ്റ്റോറികള്‍, ചാനല്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം, ‘പട്ടികജാതി – പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമം – 1989-ന്റെ ലംഘനമാണ്. ഈ നിയമത്തിലെ സെക്ഷന്‍ 3(1)(യു) അനുസരിച്ച് പട്ടികജാതി – പട്ടികവര്‍ഗത്തില്‍പെടുന്ന ഏതെങ്കിലുമൊരു വ്യക്തിയ്‌ക്കെതിരെ അപമാനകരമോ നിന്ദാര്‍ഹമോ വാക്കിന്റെയോ പ്രയോഗത്തിന്റെയോ ഉപയോഗം, സെക്ഷന്‍ 3(1) (വൈ) പ്രകാരം പട്ടികജാതി – പട്ടികവര്‍ഗ അംഗങ്ങളുടെ അന്തസിന് അധിക്ഷേപാര്‍ഹമായ പ്രസ്താവനകളുടെ പ്രചാരം തുടങ്ങിയവ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്.

Santhosh Selvam, a member of the kuruva robbery gang, was arrested in Kundanur

കുണ്ടന്നൂരില്‍ അറസ്റ്റിലായ മോഷണ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വം

കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐ.പി.സി.) ഹിന്ദു ഫാസിസ്റ്റു രൂപമായ ‘ഭാരതീയ ന്യായസംഹിത’ (ബി.എന്‍.എസ്.) യിലെ 109, 482 വകുപ്പുകളും ലംഘിക്കപ്പെട്ടിരിക്കുന്നു. മതം, ഭാഷ, പ്രദേശം എന്നിവയുടെ പേരില്‍ ഒരു വിഭാഗത്തോട്, ഇതര വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭയവും ജനിപ്പിക്കത്തക്ക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ബി.എസ്.എന്‍. – 109 അനുസരിച്ച് കുറ്റകരമാണ്.

ബി.എസ്.എന്‍. 482 അനുസരിച്ച് തമിഴ്‌നാട്ടിലെ കുറുവസമുദായത്തിനാകെ മാനഹാനി ഉണ്ടാക്കുന്നതാണ് മലയാള വാര്‍ത്തകളും സ്റ്റോറികളും. അതിനാല്‍, പട്ടികജാതി – പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ചും, ഭാരതീയ ന്യായസംഹിതയനുസരിച്ചും ഇത്തരം വാര്‍ത്തകളും സ്റ്റോറികളും നിര്‍മിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അടിയന്തിരമായി കേസെടുക്കേണ്ടതാണ്.

ഇത്തരം സാഹചര്യങ്ങളില്‍ ജാതിയുടെ സ്വാധീനം മനസിലാക്കുന്നതിന്, ‘കൗണ്ടര്‍ ഫാക്ച്വലി’ (Counter factual)-ന്റെ ഉപയോഗം വളരെ ഫലപ്രദമാണ്.

അറസ്റ്റു ചെയ്യപ്പെട്ട സന്തോഷും മണികണ്ഠനും അയ്യങ്കാര്‍ – അയ്യര്‍ ജാതിയില്‍പ്പെട്ടവരാണെന്നു സങ്കല്പിക്കുക. എങ്കില്‍, ഇതേ മാധ്യമ പ്രവര്‍ത്തകര്‍ തന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് എങ്ങനെയായിരിക്കും? ‘കുറുവ സംഘ’ത്തിന്റെ കാര്യത്തില്‍ ചെയ്തതുപോലെ, സന്തോഷ്, മണികണ്ഠന്‍ എന്നീ വ്യക്തികളെ അപ്രത്യക്ഷമാക്കുകയും അവരുടെ ജാതിയെ പ്രതിസ്ഥാനത്തേക്കു കൊണ്ടുവരുകയും ചെയ്യുമായിരുന്നോ? ‘അയ്യങ്കാര്‍ സംഘം’, ‘അയ്യര്‍ സംഘം’, ‘അയ്യങ്കാര്‍ സംഘത്തെ പേടിക്കണം’, ‘അയ്യര്‍ സംഘം എന്തിനും പോന്നവര്‍’ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നോ?

മലയാള മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കില്‍, തമിഴ്‌നാട്ടിലെ അയ്യങ്കാര്‍ – അയ്യര്‍മാര്‍ വെറുതെ ഇരിക്കുമായിരുന്നോ? ഇന്നും തമിഴ് മാധ്യമലോകത്തെയും ജുഡീഷ്യറിയേയും ഭരിക്കുന്നത് അവരാണ്. ഇത്തരം വാര്‍ത്തകള്‍ നല്‍കിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഇതിനകം തന്നെ അവര്‍ കോടതികയറ്റുമായിരുന്നു. ഒരു പക്ഷെ, അതിനുമുമ്പുതന്നെ, മലയാളി മാധ്യമക്കാര്‍ പരസ്യമായും തിരുപാധികമായും ക്ഷമാപണവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചേനെ! പാവം, കുറുവരുടെ കാര്യത്തില്‍, ആരുചോദിക്കാന്‍?

Various media headlines related to the case of Santosh Selvarajan and Manikandan arrested from Kundanur

കുണ്ടന്നൂരില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട സന്തോഷ് സെല്‍വരാജനും മണികണ്ഠനുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച വിവിധ മാധ്യമവാര്‍ത്തകളുടെ തലക്കെട്ടുകള്‍

അയ്യന്‍കാര്‍ – അയ്യര്‍ കള്ളന് രണ്ട് ഏജന്‍സിയുണ്ട്. ഒന്ന്, വ്യക്തിഗതമായ ഏജന്‍സി. എഫ്.ഐ.ആറില്‍ കുറ്റാരോപിതന്റെ പേരിന്റെ സ്ഥാനത്ത്, ഇന്നയാള്‍ മകന്‍ ‘സന്തോഷ് അയ്യങ്കാര്‍’ എന്നു രേഖപ്പെടുത്തുമ്പോള്‍, ഒരു വ്യക്തിയുടെ പേരല്ല, മറിച്ച്, ഒരു ‘പദവി’യാണ് രേഖപ്പെടുത്തുന്നത്. ഒരു മോഷണകുറ്റത്തില്‍ ആരോപിതനായാലും ‘അയ്യങ്കാര്‍’ എന്ന ജാതിപ്പേര്‍, സന്തോഷിന്റെ പരമ്പരാഗത പദവി നിലനിര്‍ത്തുന്നു.

ഇവിടെ സന്തോഷ് എന്ന വ്യക്തി, സന്തോഷ് എന്ന അയ്യങ്കാരും സന്തോഷ് എന്ന കള്ളനുമായി നെടുകെ പിളരുന്നു. ആദ്യത്തെ പേര് പദവിയുടെയും രണ്ടാമത്തേത് തൊഴിലിന്റേതും. പദവി തൊഴിലിനെ സാധൂകരിക്കുന്നു. എഫ്.ഐ.ആര്‍. എഴുതുന്നവരും റിപ്പോര്‍ട്ടര്‍മാരും സന്തോഷ് അയ്യങ്കാരുടെ രണ്ട് ഏജന്‍സിപ്പേരുകളില്‍ എതെങ്കിലുമൊന്നു സ്വീകരിക്കും. ബ്രാഹ്മണ ഏജന്‍സിയെ കളങ്കപ്പെടുത്താത്ത, സന്തോഷ് എന്ന വ്യക്തി നാമം സ്വീകരിക്കും. ബ്രാഹ്മണനായതിനാല്‍, വ്യക്തിയുടെ ഏജന്‍സി തന്നെ ധാരാളം! മേല്‍ ജാതിക്കാര്‍ക്ക്, ഒരേ സമയം ജാതി അംഗമായും വെറും വ്യക്തിയായും നിലനില്‍ക്കാന്‍ കഴിയുന്ന ഇരട്ട ഏജന്‍സിയാണിത്.

മറുവശത്ത്, ദലിതനായ സന്തോഷിന് രണ്ട് ഏജന്‍സിയുടെ പിന്തുണ ലഭിയ്ക്കില്ല. മോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതോടെ സന്തോഷ് എന്ന വ്യക്തിനാമം അപ്രത്യക്ഷമാവുകയും കുറുവ ജാതിക്കാരന്‍ മാത്രമായി നിലനില്‍ക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നു.

താഴ്ന്ന ജാതിക്കാര്‍ക്ക് പേരുണ്ടെങ്കിലും അത്, തിരിച്ചറിയുന്നതിനുള്ള ഒരടയാളം മാത്രമാണ്. വ്യക്തിത്വത്തിന്റെയോ ഏജന്‍സിയുടെയോ മുദ്രയായി ഈ പേരിനെ കരുതാന്‍ പാടില്ല. സന്തോഷ് എന്ന വ്യക്തി, നാമരഹിതനാവുകയും കുറുവ സംഘാംഗമായി ചുരുങ്ങുകയും ചെയ്യുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് വ്യക്തിരിക്തമായ പേരുകള്‍ ആവശ്യമില്ല!

സന്തോഷ് അയ്യങ്കാരുടെ കാര്യത്തില്‍, കള്ളനായിട്ടും സന്തോഷിന് വ്യക്തിത്വം ലഭിച്ചപ്പോള്‍, സന്തോഷ് കുറുവയ്ക്ക് ആ പരിഗണന ലഭിക്കുന്നില്ല.

മോഷണക്കേസിലെ പ്രതിയായ ഒരാളുടെ പേരുള്‍പ്പടെ വ്യക്തി വിവരങ്ങളെല്ലാം ലഭ്യമായിട്ടും മാധ്യമങ്ങള്‍ അയാളുടെ ജാതി അന്വേഷിച്ചു പോവുകയാണുണ്ടായത്. മോഷണം നടത്തുന്നത് താഴ്ന്ന ജാതിക്കാരനാണെങ്കില്‍, ഒരു ജാതി അംഗമെന്ന നിലയ്ക്കാണ് ആ തൊഴില്‍ ചെയ്യുന്നത്. ബൂര്‍ഷ്വാ കോടതിയിലെ വിചാരണയ്ക്ക്, പ്രതിയുടെ വ്യക്തി വിവരങ്ങള്‍ മാത്രം മതി.

 The scene when Santosh Selvam was arrested from Kundanur

സന്തോഷ് സെല്‍വത്തെ കുണ്ടന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴുള്ള ദൃശ്യം

എന്നാല്‍, സവര്‍ണ ജാതിക്കോടതി വിചാരണ ചെയ്യുന്നത് വ്യക്തിയെ അല്ലല്ലോ. അയാളുടെ ജാതിയെയാണ്! സവര്‍ണ കോടതിയ്ക്കാവശ്യം സന്തോഷിനെയല്ല, അയാളുടെ ജാതിയെയാണ്. അത് കണ്ടെത്തുന്ന പ്രവര്‍ത്തനമാണ് മലയാള മാധ്യമങ്ങള്‍ ചെയ്തത്.

‘കുറുവ സംഘ’ വാര്‍ത്തകള്‍ ഫലത്തില്‍ സമാന്തരമായ ഒരു ‘സവര്‍ണകോടതി വിചാരണ’യുടെ ഭാഗമാണ്.

‘കുറുവസംഘ’ വിചാരണ കൊടുമ്പിരികൊണ്ടിരുന്നപ്പോഴാണ്, ഒരു ‘ഗുജറാത്ത് ബനിയ സംഘ’ത്തിന്റെ ഞെട്ടിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതി ഇന്ത്യയിലെ ധനികരില്‍ ഒന്നാമനായ ഗൗതം അദാനിയ്‌ക്കെതിരെ 2024 ഒക്‌ടോബര്‍ 24ന് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. സോളാര്‍ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യയിലെ ഗവണ്‍മെന്റുകള്‍ക്ക് കൈക്കൂലി നല്‍കിയെന്ന വിവരം യു.എസ്. – അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും അദാനി മറച്ചുവെച്ചു.

Gautam Adani

ഗൗദം അദാനി

US Foreign corrupt practices Act  അനുസരിച്ച് അദാനിയുടെ പ്രവൃത്തി ഗുരുതരമായ സാമ്പത്തിക കുറ്റമാണ്. അറസ്റ്റ് വാറന്റിലേക്ക് നയിച്ചത് ഇതാണ്. വിചാരണ ചെയ്ത് ശിക്ഷിക്കപ്പെടുകയാണെങ്കില്‍, അദാനിയും മറ്റു കുറ്റാരോപിതരും ഭീമമായ പിഴ അടക്കുന്നതിനുപുറമെ, കുറഞ്ഞത് 20 വര്‍ഷം വീതമെങ്കിലും ജയിലില്‍ കിടക്കുകയും വേണം.

ഏതെങ്കിലുമൊരു മാധ്യമം ഈ സംഭവത്തിലെ പ്രതികളെ ‘ഗുജറാത്ത് ബനിയ സംഘ’മെന്നു വിശേഷിപ്പിക്കാന്‍ തയ്യാറാവുമോ? ‘കുറുവസംഘ’വും ‘ഗുജറാത്ത് ബനിയസംഘ’വും തമ്മിലുള്ള വ്യത്യാസമെന്താണ്?

കുറുവ സംഘത്തെ മോഷണത്തിനു പ്രേരിപ്പിക്കുന്നത് പട്ടിണിയാണ്. തമിഴ്‌നാടിലെ സ്വന്തം ഗ്രാമം വിട്ട് വിദൂരപട്ടണങ്ങളിലോ അന്യ സംസ്ഥാനങ്ങളിലോ ആണ് ഇവര്‍ മോഷണം നടത്തുന്നത്. മിക്കപ്പോഴും പിടിക്കപ്പെടുകയും ജയിലിലാവുകയുമാണ് സംഭവിക്കുക.

തമിഴ്‌നാടിന്റെ സാമൂഹ്യഘടനയില്‍ ഏറ്റവുമധികം പുറമ്പോക്കുവല്‍ക്കരിക്കപ്പെട്ട ഒരു ജാതിയാണ് കുറുവ. അതില്‍, വീണ്ടും പുറമ്പോക്കുവല്‍ക്കരിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ മാത്രമാണ് മോഷണം തൊഴിലാക്കുന്നത്. വിശപ്പടക്കുക എന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളൊന്നുമില്ല, അവര്‍ക്ക്. ഇവര്‍ക്കാര്‍ക്കും സ്വന്തമായി വിമാനത്താവളങ്ങളോ തുറമുഖങ്ങളോ ഇല്ല!

ഗുജറാത്ത് ബനിയ സംഘത്തിന്റെ തൊഴില്‍ മോഷണമാണെങ്കിലും സാധാരണ മോഷണമല്ല. ലക്ഷ്യവും വ്യത്യസ്തമാണ്. ഗുജറാത്ത് ബനിയ സംഘത്തിന്റെ മോഷണവും സാമ്പത്തിക കുറ്റകൃത്യവും പാരമ്പര്യാര്‍ജിതവും പാരമ്പര്യമായി കൈമാറ്റം ചെയ്യുന്നതുമാണ്.

ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യുമ്പോള്‍, ഈ തൊഴില്‍ കുറുവസംഘത്തിന് ‘നാണക്കേടാ’യി മാറുകയും ക്രമേണ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, ഗുജറാത്ത് ബനിയ സംഘത്തിന്റെ കാര്യത്തില്‍, വലിയ സാമ്പത്തികനേട്ടങ്ങള്‍, സാമ്പത്തിക കുറ്റകൃത്യത്തെ അന്തസ്സാക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമായി മാറുകയും ചെയ്യുന്നു.

മറ്റൊരു വ്യത്യാസം, കുറുവ സംഘത്തിന്റെ തൊഴില്‍ മേഖല വളരെ പ്രാദേശികമാണെങ്കില്‍ ഗുജറാത്ത് ബനിയസംഘത്തിന്റെ തൊഴില്‍ മേഖല ആഗോള വ്യാപകമാണ് എന്നതാണ്. ‘ഗുജറാത്ത് ബനിയസംഘം’ എന്നെഴുതാത്തത് എന്തെന്നു ചോദിച്ചാല്‍ ഉയരാവുന്ന ചില മറു ചോദ്യങ്ങളുണ്ട്, ‘കുറുവസംഘ’ത്തിന്റെ കാര്യത്തില്‍ മോഷ്ടാക്കള്‍ നേരിട്ടാണ് മോഷണം നടത്തുന്നത്. അതുപോലെ, പിടിച്ചെടുക്കുന്ന തൊണ്ടി മുതലുകളില്‍ ‘കുറുവസംഘാം’ഗങ്ങളുടെ വിരലടയാളം പതിയാറുമുണ്ട്. ‘കുറുവസംഘം’ നടത്തുന്ന മോഷണത്തിന്റെ സ്‌കെയില്‍ എത്ര നിസാരമാണെന്നു ഇതു തെളിയിക്കുന്നു.



ഗുജറാത്ത് ബനിയ സംഘം നടത്തുന്ന മോഷണ സൈറ്റുകളിലൊന്നിലും അവര്‍ നേരിട്ടു പങ്കെടുക്കുന്നില്ല. അവര്‍ക്കു വേണ്ടി അത് ചെയ്യുന്നത് ഗവണ്‍മെന്റ്, ബാങ്കുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളാണ്. സ്വയം സുരക്ഷിത സ്ഥാപനങ്ങളിലിരുന്നുകൊണ്ട്, ഭരണകൂട സ്ഥാപനങ്ങളെ ഉപയോഗിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താമെന്നതാണ് ഗുജറാത്ത് ബനിയ സംഘത്തിന്റെ ശക്തി. തൊണ്ടിമുതലില്‍ വിരലടയാളം പതിയാത്തതിന്റെ രഹസ്യം!

കൈകള്‍ കൊണ്ടു എടുക്കാവുന്ന സ്വര്‍ണമോ കറന്‍സിയോ അല്ല ഗുജറാത്ത് ബനിയ സംഘത്തിന്റെ മോഷണ വസ്തുക്കള്‍. വിവിധ രാജ്യങ്ങളിലെ നിക്ഷേപ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യവസായ നിക്ഷേപങ്ങളാണ് അദാനി കേസിലെ തൊണ്ടിമുതല്‍. ഈ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ബാങ്കുകളാണ്. അവിടെയൊന്നും ആരുടെയും കൈവിരല്‍ പതിയില്ല.

അദാനിയെ, ഇന്ത്യയിലെ അതി സമ്പന്നരില്‍ ഒന്നാമനും ലോകത്തില്‍ നാലാമനോ അഞ്ചാമനോ ആയി ഉയര്‍ത്തിയത് അതിവിപുലമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ്.

ലോകത്തിലെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ വരേണ്ട ഗൗതം അദാനിയ്ക്ക്, 2014 മുതല്‍ ഏറ്റവും വലിയ ധനികരുടെ പട്ടികയിലേക്ക് സ്ഥാനകയറ്റം ലഭിച്ചത് എങ്ങനെയാണ്? ഇത് തീരെ യാദൃശ്ചികമല്ല.

ഗുജറാത്ത് ബനിയ സംഘത്തിലെ ഒരു വിഭാഗം കുറ്റവാളികള്‍, ആ സംസ്ഥാനത്തിന്റെയും ഇന്ത്യയുടേയും രാഷ്ട്രീയാധികാരത്തിലേക്കെത്തിയതും 2014-ലാണ്. ഗുജറാത്ത് ബനിയ സംഘത്തിന്റെ സാമ്പത്തിക കുറ്റകൃത്യം പരമ്പരാഗതമായിരുന്നുവെങ്കിലും രാഷ്ട്രീയ കുറ്റകൃത്യം ഒരു പുതിയ വികാസമായിരുന്നു.

ഓഹരി കമ്പോളത്തിലെയും നിക്ഷേപ വിപണിയിലെയും ധനകാര്യ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു വിഭാഗം ബനിയ കുറ്റവാളികള്‍ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വിദ്യാശൂന്യരായ സവര്‍ണരുടെ രാഷ്ട്രീയ പരീക്ഷണ വേദിയായ ആര്‍.എസ്.എസ്. – ബി.ജെ.പി. മാഫിയ ഇവര്‍ക്ക് പെട്ടെന്ന് ആകര്‍ഷകമായി മാറി. സ്വന്തം വിദ്യാഭ്യാസം കൊണ്ട് സ്വപ്‌നം കാണാനാവാത്ത രാഷ്ട്രീയച്ചിറകുകള്‍ അവര്‍ക്ക് ലഭിച്ചു.

ഗുജറാത്തിന്റെയും ഇന്ത്യയുടെയും ഭരണാധികാരത്തിലെത്തിയ ഈ ബനിയ ചായവാലകള്‍, സാമ്പത്തിക തട്ടിപ്പില്‍ തലമുറകളുടെ പാരമ്പര്യമുള്ള ബനിയ സംഘവുമായി സഖ്യമുണ്ടാക്കി. അത് അവരുടെ രാഷ്ട്രീയ ഭാവിയുടെ അടിത്തറയാവുകയും ചെയ്തു.

അങ്ങനെ 2014-നു ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍, ഗുജറാത്ത് ബനിയ രാഷ്ട്രീയ – ക്രിമിനല്‍ കൂട്ടുകെട്ട് കുതിച്ചുയര്‍ന്നു. ഇന്ന്, കേന്ദ്രഗവണ്‍മെന്റിന്റെയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെയും ഏക ജോലി, ഗുജറാത്ത് ബനിയ സംഘത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടപ്പാക്കുക എന്നതുമാത്രമാണ്.

സാമ്പത്തികഭീകരവാദം (Economic terrorism)

‘ഭീകരവാദ’ത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുവെ രാഷ്ട്രീയ ഭീകരവാദത്തെയും ഭീകരാക്രമണങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ – പ്രത്യയശാസ്ത്രതാല്പര്യങ്ങളാല്‍,  ‘പ്രതിയോഗി’കളെയോ അവരുടെ സ്ഥാനത്തുള്ളതെന്നു വിശ്വസിക്കുന്നവരോ ആയ നിരപരാധികളെ കൊന്നൊടുക്കുന്നതിനെയാണ് ‘ഭീകരവാദ’മെന്നും ‘ഭീകരാക്രമണ’മെന്നും നിര്‍വചിക്കുന്നത്.

September 11 attacks

2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

2001 സെപ്തംബര്‍ 11-ന് ഉസാമ ബിന്‍ ലാദന്റെ ഭീകര സംഘം ന്യൂയോര്‍ക്ക് ലോകവ്യാപാര സംഘടനയുടെ ആസ്ഥാന മന്ദിരത്തിനുനേരെ നടത്തിയ വിമാനാക്രമണത്തില്‍ ഔദ്യോഗികണക്കനുസരിച്ച് 3000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെല്ലാവരും നിരപരാധികളായിരുന്നു. ഭീകരവാദികളുടെ ഇരകളാകുന്നത് മിക്കപ്പോഴും നിരപരാധികളാണ്.രാഷ്ട്രീയ ഭീകരവാദത്തെയും ഭീകരാക്രമണങ്ങളെയും ശ്രദ്ധേയമാക്കുന്നത് അതാണ്.

ഇത്, ‘സാമ്പത്തിക ഭീകരവാദ’ (Economic terrorism)ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാക്കുന്നതിനിടയാക്കിയിട്ടുണ്ട്.

സാമ്പത്തിക ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ദൂരവ്യാപകവും വിപുലവുമാണ്. ഇവിടെയും നിരപരാധികളാണ് ഇരകളാവുന്നത്. രാഷ്ട്രീയ ഭീകരവാദത്തില്‍ ഇരകള്‍ കൊല്ലപ്പെടുമ്പോള്‍, സാമ്പത്തിക ഭീകരവാദത്തിന്റെ ഇരകള്‍ കൊല്ലപ്പെടുന്നില്ല എന്നത് ശരിയാണ്. എന്നാല്‍, ഒരു ജീവിതകാലത്തെ സമ്പാദ്യങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ട ഇരകളുടെ അതി ജീവനവും പുനരധിവാസവും, രാഷ്ട്രീയ ഭീകവാദത്തിലെ ഇരകളുടേതിനെക്കാള്‍ ക്ലേശകരമാണ്.

അതിനാല്‍, ഭീകരവാദത്തെ, ‘രാഷ്ട്രീയ ഭീകവാദ’മെന്നും, ‘സാമ്പത്തിക ഭീകവാദ’മെന്നും രണ്ടായി വിഭജിക്കേണ്ടതുണ്ട്. ‘അതിസമ്പന്നര്‍’ എന്നു പറയുന്നവര്‍ വാസ്തവത്തില്‍ ‘സാമ്പത്തിക ഭീകരവാദി’കളാണ്. ‘സാമ്പത്തിക ഭീകരവാദി’കളുടെ പട്ടിക തയ്യാറാക്കിയാല്‍, ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് നാലാമതോ അഞ്ചാമതോ വരേണ്ട ഒരു ‘കൊടും സാമ്പത്തിക ഭീകരവാദി’യാണ് ഗൗതം അദാനി.

ഇയാളെ അടിയന്തിരമായി ഐക്യരാഷ്ട്രസഭ ‘ആഗോള ഭീകര’നായി പ്രഖ്യാപിക്കേണ്ടതാണ്. അമേരിക്കന്‍ കോടതിയുടെ അറസ്റ്റു വാറന്റിനെ നേരിടുന്ന ഒരു ആഗോള ഭീകരന്റെ മുഖ്യ രാഷ്ട്രീയ ഏജന്റ് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ്. അത്രത്തോളമുണ്ട് ഗുജറാത്ത് ബനിയ സംഘത്തിന്റെ സ്വാധീനവും അധികാരവും!

ലാറ്റിനമേരിക്കയിലെ മയക്കുമരുന്നു മാഫിയകള്‍ക്കുപോലും ഇത്രയേറെ അധികാരമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ വിദേശ സഞ്ചാരങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളു. ഈ ഗുജറാത്ത് ബനിയ സംഘത്തിനുവേണ്ടി അന്താരാഷ്ട്ര കരാറുകള്‍ സംഘടിപ്പിക്കുക!

2014നു ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച ഈ മാറ്റങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ട്. മോദിയും സംഘവും പിടിമുറുക്കിയതോടെയാണ് സംഘപരിവാര്‍ രാഷ്ട്രീയം ഇങ്ങനെ ക്രിമിനല്‍ വല്‍ക്കരിക്കപ്പെട്ടതെന്ന് ചിലരൊക്കെ പറയുന്നു.

വാജ്‌പെയിയും അദ്വാനിയും പ്രതിനിധീകരിക്കുന്ന മുന്‍കാലങ്ങള്‍, സത്യസന്ധമായ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ കാലമായിരുന്നു എന്നത് ചോരപൊടിയുന്ന കെട്ടുകഥമാത്രമാണ്. അദ്വാനിയുടെ കാലത്തെ രഥയാത്രയും ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലും നടത്തിയ കൂട്ടക്കുരുതികള്‍ മറക്കുന്നവര്‍ക്കു മാത്രമെ ഇങ്ങനെ പറയാനാവൂ.

എ.ബി.വേജ്‌പേയിയും എല്‍.കെ. അദ്വാനിയും

ഹിന്ദു ഫാസിസ്റ്റു രാഷ്ട്രീയത്തെ സത്യസന്ധമായ ഒരു പൂര്‍വകാലം, ക്രിമിനലിസത്തിന്റെ വര്‍ത്തമാനകാലം എന്നു വിഭജിക്കുന്നതുപോലും ക്രിമിനലാണ്. 1925-ല്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രൂപം കൊണ്ട ഒരു പെറ്റി ബ്രാഹ്മിന്‍ ക്രിമിനല്‍ ഗ്യാംങ് ആയ ആര്‍.എസ്.എസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രബല ശക്തിയാകുന്നത് 1990-കളിലെ മണ്ഡല്‍ കമ്മിഷാനന്തരപ്രക്ഷുബ്ധതയിലാണ്.

1947-ലെ അധികാര കൈമാറ്റത്തിനുശേഷം കോണ്‍ഗ്രസും ജനതാപാര്‍ട്ടിയും ചെയ്തത്, പ്രത്യക്ഷത്തില്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെയും അക്രമരഹിതമായും 10 ശതമാനം സവര്‍ണരുടെ രാഷ്ട്രീയ – സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു.

1950-കള്‍ മുതല്‍ 1970-കള്‍ വരെയുള്ള മൂന്നു ദശകങ്ങളില്‍ സവര്‍ണ ന്യൂനപക്ഷത്തിന്റെ സമഗ്രാധിപത്യത്തിന് വലിയ വെല്ലുവിളികളുണ്ടായില്ല. ബാങ്ക് ദേശസാല്‍ക്കരണം, ഗരീബി ഹഠാവോ, ബംഗ്ലാദേശ് യുദ്ധം തുടങ്ങിയവയ്ക്ക് ഈ സവര്‍ണപക്ഷപാതിത്വത്തെ സമര്‍ത്ഥമായി മറച്ചുവെയ്ക്കാനും കഴിഞ്ഞു.

ഈ കാലയളവില്‍, സവര്‍ണാധിപത്യത്തിനു ജനകീയ മുഖം ലഭിച്ചതിനു പ്രധാന കാരണം, ഇന്ത്യന്‍ ജുഡീഷ്യറിയ്ക്കുമേലുള്ള ബ്രാഹ്മണകുത്തകയാണ്.

ഇന്ത്യയിലെ ഹൈക്കോടതികളെയും സുപ്രീം കോടതിയേയും നിയന്ത്രിക്കുന്നത് 200 ബ്രാഹ്മണകുടുംബങ്ങളാണ്. ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്ന സുപ്രീംകോടതിയിലെ 34  ജസ്റ്റിസുമാരില്‍, 14 പേരും ബ്രാഹ്മണരായിരുന്നു. ഇന്ത്യന്‍ സുപ്രീം കോടതിയിലെ ജഡ്ജിമാരില്‍ 41 ശതമാനവും വരുന്നത്, ജനസംഖ്യയില്‍ 2 ശതമാനം പോലുമില്ലാത്ത ബ്രാഹ്മണരില്‍ നിന്നാണ്!

ഇന്ത്യന്‍ ജുഡീഷ്യറി എന്നത് ‘ബ്രാഹ്മണോക്രിസി’യുടെ ഉപകരണം മാത്രമാണ്. 1947-നു ശേഷമുള്ള മൂന്നു ദശാബ്ദങ്ങളില്‍ വിസ്മൃതരും അപ്രത്യക്ഷരും നിശബ്ദരുമായിരുന്ന 90 ശതമാനം ദലിത് – ബഹുജനങ്ങള്‍ ക്രമേണ അരങ്ങിലെത്താനും സ്വയം സംസാരിക്കാനും തുടങ്ങിയതോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞത്.

അതിനവരെ പ്രാപ്തരാക്കിയത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്. അതുവരെയുണ്ടായിരുന്ന ഇന്ത്യയുടെ രാഷ്ട്രീയത്തെ ഈ റിപ്പോര്‍ട്ട് കഴുകി വെളുപ്പിച്ചു. വലതു – മധ്യ – ഇടതു ലേബലുകള്‍ കൊണ്ടും ലിബറല്‍ – യാഥാസ്ഥിതി മുഖംമൂടികള്‍ കൊണ്ടും മറച്ചുവെച്ചിരുന്ന സവര്‍ണ ന്യൂനപക്ഷ രാഷ്ട്രീയത്തെ മണ്ഡല്‍ കമ്മിഷന്‍ തുറന്നു കാണിച്ചു. അതോടെ, ഉത്തര്‍ പ്രദേശിലും ബീഹാറിലുമൊക്കെ ദലിത് – ബഹുജന്‍ മുന്നേറ്റങ്ങളുണ്ടാവുകയും ബ്രാഹ്മണ – ക്ഷത്രിയ – ബനിയ രാജിന്റെ അന്ത്യം കുറിക്കുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു.

10 ശതമാനം മാത്രം വരുന്ന സവര്‍ണരെ അഗാധമായ അസ്തിത്വ പ്രതിസന്ധിയിലേക്കും കടുത്ത അരക്ഷിതാവസ്ഥയിലേക്കുമാണ് ഇത് തള്ളിയിട്ടത്. ഇനി, നിയമപരവും അക്രമരഹിതവുമായ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ നിലനില്‍പ്പ് സാധ്യമല്ലെന്ന് സവര്‍ണര്‍ തിരിച്ചറിഞ്ഞു. സവര്‍ണാധിപത്യത്തിനു വേണ്ടി മറയില്ലാത്ത ഫാസിസവും അക്രമവും പ്രത്യയ ശാസ്തമായി പ്രഖ്യാപിച്ചിട്ടുള്ള ആര്‍.എസ്.എസ്. – ബി.ജെ.പി. സഖ്യം അങ്ങനെയാണ് ഈ സവര്‍ണന്യൂപക്ഷത്തിന് സ്വീകാര്യമായത്.

പരമ്പരാഗത രക്ഷകരായിരുന്ന കോണ്‍ഗ്രസിനെ ഉപേക്ഷിച്ച സവര്‍ണ ന്യൂനപക്ഷം, ആര്‍.എസ്.എസ്. – ബി.ജെ.പി.യെ പിന്തുണയ്ക്കാന്‍ തുടങ്ങി. മറുവശത്താകട്ടെ, ദലിത് – ബഹുജനങ്ങള്‍ക്കിടയിലെ അനൈക്യം, സവര്‍ണരുടെ സംഘടിത – ഏകോപിത ശക്തിയെ കൂടുതല്‍ വിപുലമാക്കുകയും ചെയ്തു. 10 ശതമാനം സവര്‍ണരുടെ പാര്‍ട്ടിയായിട്ടും, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയത്തെ സാധ്യമാക്കിയത് ഇതാണ്.

ഉദാരവും തീവ്രവുമായ രണ്ടുതരം ഹിന്ദുഫാസിസമുണ്ടെന്ന വാദം തന്നെ ഒരു തട്ടിപ്പാണ്. സവര്‍ണ ന്യൂനപക്ഷ വാഴ്ചയെ ലക്ഷ്യമാക്കുന്ന ഏതു രാഷ്ട്രീയരും തീവ്രവും അക്രമാസക്തവുമാണ്. മനുഷ്യാന്തസിനെ നിഷേധിക്കുന്ന ജാതിസമ്പ്രദായത്തിന്റെ ‘അടിസ്ഥാന സംഘാടകത്വം’ (foundational principle) തന്നെ, ‘അസമത്വസിദ്ധാന്ത’ (Principle of inequality) മാണ്.

ജന്മസിദ്ധ അസമത്വത്തെ സനാധന ധര്‍മമായി പ്രഖ്യാപിക്കുന്ന ഹിന്ദുയിസത്തെക്കാള്‍ വലിയ അക്രമം ഈ ഭൂമിയിലില്ല. അതിനാല്‍ സോഫ്റ്റ് ഹിന്ദു, തീവ്രഹിന്ദു തുടങ്ങിയ വിഭജനങ്ങള്‍ക്ക് യാതൊരര്‍ത്ഥവുമില്ല.

അംബദ്കറിന്റെ സ്വപ്‌നമായ ‘ജാതിനിര്‍മാര്‍ജനം’ യാഥാര്‍ത്ഥ്യമാകണമെങ്കില്‍, അതിനെ ‘ഹിന്ദുയിസത്തിന്റെ നിര്‍മാര്‍ജന’മായി മാറ്റേണ്ടതുണ്ട്. ജാതിനിര്‍മാര്‍ജനത്തിനുള്ള ഏകമാര്‍ഗം! ‘ഹിന്ദുയിസത്തിന്റെ ലിക്വിഡേഷനാ’ണെന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് അതുകൊണ്ടാണ്.

ഇന്ത്യയിലെ 90 ശതമാനം വരുന്ന ദലിത് – ബഹുജനങ്ങള്‍, ജനസംഖ്യാ സത്യങ്ങള്‍ തിരിച്ചറിയുകയും നിസാര ന്യൂനപക്ഷമായ ബ്രാഹ്മണ – ക്ഷത്രിയ – ബനിയമാരുമായി നേരിട്ടുള്ള പോരിന് സന്നദ്ധമാവുകയും ചെയ്ത പോസ്റ്റ് – മണ്ഡല്‍ കാലയളവിന്റെ പ്രത്യേകതയാണ് ‘ഗുജറാത്ത് ബനിയസംഘ’ത്തിന്റെ ആവിര്‍ഭാവം. സവര്‍ണ ന്യൂനപക്ഷത്തിന്റെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്പാണ്, ഈ ഗുജറാത്ത് ബനിയസംഘംത്തിന്റെ രാഷ്ട്രീയ – സാമ്പത്തിക ഭീകരവാദം.

content highlights: same occupation; How can it be ‘stealing’ by Dalits and ‘investment’ by Banias?

ജെ. രഘു
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍