ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണം; സുന്നി ഐക്യത്തിന് സമസ്ത തയ്യാര്‍: ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala News
ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണം; സുന്നി ഐക്യത്തിന് സമസ്ത തയ്യാര്‍: ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd July 2023, 9:30 am

കോഴിക്കോട്: ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍ കോഡിനെതിരെ യോജിച്ചുള്ള ബഹുജന മുന്നേറ്റം ആവശ്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ സമാന ചിന്താഗതിക്കാരായ മറ്റു മതനേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ഇതിന് മുന്‍കയ്യെടുക്കാന്‍ സമസ്ത തയ്യാറാണെന്നും മുത്തുക്കോയ തങ്ങള്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏക സിവില്‍ കോഡ് മുസ്‌ലിം മതസ്ഥരെ മാത്രമാകില്ല മറ്റുള്ള മതക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു. ‘ഏക സിവില്‍ കോഡിനോട് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് അടക്കം പലര്‍ക്കും യോജിക്കാന്‍ സാധിക്കില്ല. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്.

വിവാഹം, വിവാഹ മോചനം , അനന്തരവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണ്. ഇത് മുസ്‌ലിം വിഭാഗങ്ങളെ മാത്രമല്ല മറ്റു മതവിഭാഗങ്ങളെയും ബാധിക്കും. വിവാഹം പോലുള്ള വിഷയങ്ങളില്‍ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല.

ഓരോ മതങ്ങള്‍ക്കും അവരുടേതായ നിയമങ്ങളുണ്ട്. അത് ആചാരങ്ങളല്ല. അതിനാല്‍ തന്നെ മറ്റു മതങ്ങള്‍ക്കും ഏക സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ല. ആദിവാസികള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിലെ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ല.

തല്‍ക്കാലം ഏക സിവില്‍ കോഡ് വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയിട്ടുണ്ട്. സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റു മതസ്ഥര്‍, ബഹുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടൊരു ബഹുജനമുന്നേറ്റം ഉണ്ടാക്കേണ്ടി വരും. അതിനെ പറ്റി സമസ്ത ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍കയ്യെടുക്കും.

സുന്നി ഐക്യത്തിന് സമസ്ത തയ്യാറാണന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. ‘എല്ലാ സുന്നികളും യോജിക്കണമെന്നതാണ് സമസ്തയുടെ നിലപാട്. ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. വിട്ടുവീഴ്ചകള്‍ക്ക് എല്ലാവരും തയ്യാറാകേണ്ടി വരും. ഐക്യത്തിന് ആരും കോടാലി വെക്കില്ല. ഐക്യത്തിനായി ആര്‍ക്കും മധ്യസ്ഥത വഹിക്കാം,’ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Content Highlights: samastha president jiffri muthukoya thangal against ucc