ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് നടൻ സലിംകുമാർ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചത്. രാഷ്ട്രീയപരമായി വ്യത്യസ്ത ചേരിയിൽ ആണെങ്കിലും വ്യക്തിപരമായി സുരേഷ് ഗോപിയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നാണ് സലിം കുമാർ പറഞ്ഞത്.
‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു. അഭിനന്ദനങ്ങൾ സുരേഷേട്ടാ,’സലിംകുമാറിന്റെ വാക്കുകൾ.
വടകര മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച ഷാഫി പറമ്പിൽ, സുധാകരൻ, കെ.സി. വേണുഗോപാൽ എന്നിവർക്ക് സലിം കുമാർ തന്റെ ആശംസകൾ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലമായിരുന്നു തൃശ്ശൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തെ അദ്ദേഹം എത്തിയിരുന്നുള്ളൂ. എഴുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. എസ്. സുനിൽ കുമാറിനെയും കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനെയും പരാജയപ്പെടുത്തി കൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചു കയറിയത്.