Malayalam Cinema
ഇത് അപമാനിക്കലാണ്, പ്രായക്കൂടുതലാണ് പ്രശ്‌നമെന്നാണ് മറുപടി കിട്ടിയത്; ഐ.എഫ്.എഫ്.കെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സലീം കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 16, 07:26 am
Tuesday, 16th February 2021, 12:56 pm

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നടന്‍ സലീം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് താന്‍ അന്വേഷിച്ചപ്പോള്‍ മറുപടി ലഭിച്ചതെന്നും സലീം കുമാര്‍ പറഞ്ഞു.

മേളയില്‍ ദേശീയ പുരസ്‌കാര ജേതാക്കളാണ് തിരി തെളിക്കുക. ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനാണെന്നാണ് അവരുടെ വാദമെന്നും സലീം കുമാര്‍ പറഞ്ഞു. തന്നെ വിളിക്കാതിരുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും സലീം കുമാര്‍ പറഞ്ഞു.

മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയാനായിരുന്നു നേരിട്ട് വിളിച്ചത്. പ്രായക്കൂടുതല്‍ കൊണ്ടാണെന്ന് പറയുന്നത് രസകരമായ മറുപടിയായി തോന്നി.

ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന് പറയുന്നത് മുട്ടുന്യായമാണ്. ആഷിക് അബുവും അമല്‍ നീരദും കോളേജില്‍ തന്റെ ജൂനിയറായിരുന്നു. തങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമില്ല.

ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്‌കാരം ലഭിച്ചത്. സി.പി.ഐ.എം ഭരിക്കുമ്പോഴും പുരസ്‌കാരം നേടിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചത്. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്. വളരെ രസകമായ മറുപടിയായി തോന്നി. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയത്’ സലീം കുമാര്‍ പറഞ്ഞു.

അതേസമയം സലീം കുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു. സലീം കുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് ഷിബു ചക്രവര്‍ത്തി പറഞ്ഞതെന്നും കമല്‍ പറഞ്ഞു.

കാര്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കുമെന്നും കമല്‍ പറഞ്ഞു. ഐ.എഫ്.എഫ്.കെ കൊച്ചിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതേയുള്ളൂ. അദ്ദേഹത്തെ ഒഴിവാക്കി മേള നടത്താന്‍ സാധിക്കില്ലെന്നും കമല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ