കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി കൊല്ലപ്പെട്ടത് കണ്ണില്‍പ്പെടില്ല അല്ലേ? രണ്ട് വര്‍ഷമായി ട്രെയിനപകടത്തില്‍ ഒരു യാത്രക്കാരനും കൊല്ലപ്പെട്ടില്ലെന്ന കേന്ദ്രത്തിന്റെ അവകാശവാദം പൊളിച്ച് സാകേത് ഗോഖലെ
national news
കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ കയറി കൊല്ലപ്പെട്ടത് കണ്ണില്‍പ്പെടില്ല അല്ലേ? രണ്ട് വര്‍ഷമായി ട്രെയിനപകടത്തില്‍ ഒരു യാത്രക്കാരനും കൊല്ലപ്പെട്ടില്ലെന്ന കേന്ദ്രത്തിന്റെ അവകാശവാദം പൊളിച്ച് സാകേത് ഗോഖലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th February 2021, 6:19 pm

ന്യൂദല്‍ഹി: രണ്ട് വര്‍ഷത്തോളമായി രാജ്യത്ത് ട്രെയിന്‍ അപകടത്തില്‍ ഒരു യാത്രക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിവരാവകാശപ്രവര്‍ത്തകന്‍ സാകേത് ഗോഖലെ. ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് ട്രെയിന്‍ കയറി കൊല്ലപ്പെട്ടത് എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ കണക്കില്‍പ്പെടാത്തതെന്ന് സാകേത് ഗോഖലെ ചോദിച്ചു.

വെള്ളിയാഴ്ച രാജ്യസഭയിലായിരുന്നു പിയൂഷ് ഗോയലിന്റെ അവകാശവാദം.


‘2019 മാര്‍ച്ച് 22 നാണ് അവസാനമായി ഒരു യാത്രക്കാരന്‍ ട്രെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 22 മാസത്തോളമായി ട്രെയിന്‍ അപകടത്തില്‍ ഒരു യാത്രക്കാരനും കൊല്ലപ്പെട്ടിട്ടില്ല’, പിയൂഷ് ഗോയല്‍ പറഞ്ഞു.

മന്ത്രിയുടെ അവകാശവാദത്തെ ട്വീറ്റിലൂടെയായിരുന്നു സാകേത് ഗോഖലെ പൊളിച്ചത്.

‘2020 മേയ് എട്ടിന് മഹാരാഷ്ട്രയില്‍ 16 കുടിയേറ്റ തൊഴിലാളികളാണ് ചരക്ക് ട്രെയിന്‍ കയറി കൊല്ലപ്പെട്ടത്. അവര്‍ യാത്രക്കാരല്ലാത്തതിനാല്‍ അവരുടെ ജീവിതം പരാമര്‍ശിക്കാനോ എണ്ണാനോ പോലും അര്‍ഹമല്ലേ? ടിക്കറ്റെടുത്ത് ട്രെയിനിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമാണോ നിങ്ങള്‍ സ്വന്തം ജീവന് വില കല്‍പ്പിക്കുന്നത്?’, ഗോഖലെ ചോദിച്ചു.


ലോക്ക് ഡൗണിന് ശേഷം 80 യാത്രക്കാര്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ മരിച്ചതും എന്താണ് കണക്കില്‍പ്പെടാത്തതെന്നും ഗോഖലെ ചോദിച്ചു.

‘ലോക്ക്ഡൗണിന് ശേഷം 80 യാത്രക്കാര്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ മരിച്ചു. അവരുടെ ജീവിതവും കണക്കാക്കുന്നില്ലേ? അവര്‍ തൊഴിലാളികളായിരുന്നതിനാല്‍ അവരെ മോദി സര്‍ക്കാരിന്റെ യാത്രക്കാരായി കണക്കാക്കുന്നില്ലേ?’, ഗോഖലെ ചോദിച്ചു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ട്രാക്കിന് സമീപം കിടന്നുറങ്ങിയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് ട്രെയിന്‍ കയറി കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭുവാസല്‍ ഗ്രാമവാസികളാണ് മരിച്ചത്.

റെയില്‍പാളം വഴി നടന്നുപോവുകയായിരുന്ന ഇവര്‍ പാളത്തില്‍ത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി കുടിയേറ്റ തൊളിലാളികളാണ് കാല്‍നടയായി ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saket Gokhale on Piyush Goel Claim Train Accident