ന്യൂദല്‍ഹി: അങ്കണവാടി വര്‍ക്കര്‍മാരേയും ഹെല്‍പ്പര്‍മാരേയും സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു കേന്ദ്ര മന്ത്രി.
ആശ വര്‍ക്കര്‍മാരെപ്പോലെ അങ്കണവാടി ജീവനക്കാരുടേയും ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം വന്നത്. സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കില്ലെന്ന് പറഞ്ഞതിന് പുറമെ അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം നിലവില്‍ കൂട്ടാനാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ ആക്കി മാറ്റണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.
അങ്കണവടി വര്‍ക്കര്‍മാര്‍ വോളണ്ടറി വര്‍ക്കര്‍മാരാണ്. ഇവര്‍ക്ക് ഓണറേറിയം നല്‍കുന്നതിനാല്‍ ഇവരെ ഓണററി വര്‍ക്കര്‍മാരായാണ് കാണുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രത്തിന് പുറമെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ 3000-7000വരെ രൂപ വരെ ഓണറേറിയമായി അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. കേരളം 8000-8500 രൂപയാണ് അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ഓണറേറിയമായി നല്‍കുന്നത്. ഹെല്‍പ്പര്‍മാര്‍ക്ക് 6250-6750 ആണ് നല്‍കുന്നത്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് കൂട്ടിയിരുന്നു.
അതിനാല്‍ ഈ രണ്ട് ഓണറേറിയങ്ങള്‍ക്ക് പുറമെ സ്ഥിരം ജീവനക്കാരായി പരിഗണിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇത് സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ പോകും.
Content Highlight: Anganwadi workers cannot be considered permanent government employees: Central Government