ജേക്കബിന്റെ സ്വര്‍ഗാരാജ്യത്തിലെ എന്റെ ആ റിയാക്ഷന്‍ കണ്ട് വിനീതിന് ചിരി നിര്‍ത്താന്‍ പറ്റിയില്ല: സായ്കുമാര്‍
Entertainment
ജേക്കബിന്റെ സ്വര്‍ഗാരാജ്യത്തിലെ എന്റെ ആ റിയാക്ഷന്‍ കണ്ട് വിനീതിന് ചിരി നിര്‍ത്താന്‍ പറ്റിയില്ല: സായ്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th August 2024, 9:05 pm

റാംജി റാവു സ്പീക്കിങ്ങിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന നടനാണ് സായ്കുമാര്‍. നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും വില്ലനായും പ്രേക്ഷകമനസില്‍ ഇടം നേടാന്‍ സായ്കുമാറിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ച സായ്കുമാര്‍ 2007ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

സീനിയര്‍ സംവിധായകര്‍ക്കൊപ്പവും ജീനിയര്‍ സംവിധായകര്‍ക്കൊപ്പവും നിരവധി സിനിമകള്‍ ചെയ്ത സായ്കുമാറിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ഫിലിപ്പ്. രണ്ടാം പകുതിയില്‍ നിവിന്‍ പോളിയുടെ ജെറിയെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന കഥാപാത്രത്തെയാണ് സായ്കുമാര്‍ അവതരിപ്പിച്ചത്. സീരിയസും ഹ്യൂമറും ഒരുപോലുള്ള ക്യാരക്ടറായിരുന്നു ഫിലിപ്പ്.

സിനിമയുടെ ക്ലൈമാക്‌സില്‍ നിവിന്‍ പോളി വില്ലനോട് ഡയലോഗ് പറഞ്ഞതിന് ശേഷം സായ്കുമാര്‍ കൊടുക്കുന്ന റിയാക്ഷന്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയിരുന്നു. ആ സീനില്‍ നിവിന്റെ ഡയലോഗും വില്ലന്റെ അവസ്ഥയും മനസില്‍ വന്നപ്പോള്‍ സ്വാഭാവികമായി ചെയ്ത റിയാക്ഷനാണ് അതെന്നും അത് കണ്ട് വിനീതിന് ചിരിയടക്കാന്‍ പറ്റിയില്ലെന്നും സായ്കുമാര്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സായ്കുമാര്‍.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ക്ലൈമാക്‌സ് എന്ന് പറയുന്നത് നിവിന്റെ ക്യാരക്ടര്‍ എങ്ങനെയെങ്കിലും പ്രശ്‌നങ്ങള്‍ കോംപ്രമൈസാക്കാന്‍ നോക്കുന്നതാണ്. പക്ഷേ വില്ലനാണെങ്കില്‍ നിവിനെ എങ്ങനെയങ്കിലും പൂട്ടണമെന്ന് പറഞ്ഞ് നടക്കുകയാണ്. പക്ഷേ ലാസ്റ്റ് മിനിറ്റില്‍ കാര്യങ്ങള്‍ നിവിന് അനുകൂലമായി. വില്ലന്റെ എല്ലാ പ്ലാനും അതോടെ തെറ്റി.

ആ സമയത്ത് നിവിന്റെ കൂടെ നില്‍ക്കുന്ന ഞാന്‍ വില്ലനോട് എങ്ങനെയെങ്കിലും റിയാക്ട് ചെയ്യണം. ഡയോലോഗിന് അവിടെ തീരെ പ്രാധാന്യമില്ല. പിന്നെ എന്ത് ചെയ്യുമെന്ന ചിന്തയിലാണ് ആ റിയാക്ഷന്‍ വന്നത്. ആ ക്യരക്ടര്‍ സ്വല്പം ഫണ്ണിയാണെന്ന് മുമ്പ് ചെറുതായിട്ട് കാണിച്ചിട്ടുണ്ടായിരുന്നു. ആ സമയത്ത് മനസില്‍ വന്ന റിയാക്ഷന്‍ ഇട്ടു. ഞാന്‍ നോക്കുമ്പോള്‍ വിനീത് അത് കണ്ട് ചിരിക്കുന്നതാണ്,’ സായ്കുമാര്‍ പറഞ്ഞു.

Content Highlight: Saikumar about the climax scene of Jacobinte Swargarajyam and Vineeth Sreenivasan