ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം വക്താവും മുന്‍ അധ്യാപികയുമായ സദഫ് ജാഫറിന്റെ ആദ്യ പ്രതികരണം പുറത്ത്. തനിക്കു ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതു തുടരുമെന്നായിരുന്നു സദഫ് തന്റെ അഭിഭാഷകരോടു പറഞ്ഞതെന്ന് നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ജയിലിലാണ് അവരിപ്പോള്‍. സദഫിനും 33 പേര്‍ക്കുമെതിരെ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഇവ രാഷ്ട്രീയ പ്രേരിതമാണെന്ന് സദഫിന്റെ അഭിഭാഷകര്‍ പ്രതികരിച്ചു.
സദഫിനെ ആദ്യം ജയിലില്‍ സന്ദര്‍ശിച്ചത് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് സിങ് ലല്ലുവാണ്. സദഫിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പുരുഷ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും ലല്ലു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച പരിവര്‍ത്തന്‍ ചൗക്കില്‍ വെച്ചു നടന്ന ഒരു റാലിയില്‍ പങ്കെടുക്കവെയാണ് സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ സദഫ് ഫേസ്ബുക്ക് ലൈവിലായിരുന്നു. ഇതോടെയാണ് അവരുടെ അറസ്റ്റ് ഏറെ ചര്‍ച്ചയായത്. നിലവിലും പൊലീസ് കസ്റ്റഡിയിലുള്ള അവര്‍ക്കു ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്നു ബന്ധുക്കള്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ പൊലീസിനു നേര്‍ക്ക് ചിലര്‍ കല്ലെറിഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജുണ്ടായതും സദഫിനെ അറസ്റ്റ് ചെയ്തതും. അക്രമമുണ്ടാകുമ്പോള്‍ അതു കണ്ടുകൊണ്ടു നില്‍ക്കുകയാണോ എന്നായിരുന്നു അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോട് സദഫ് ചോദിച്ചത്.
‘എന്തുകൊണ്ടാണു നിങ്ങള്‍ അവരെ തടയാത്തത്? അക്രമമുണ്ടാകുമ്പോള്‍ നിങ്ങള്‍ അതു കണ്ടുകൊണ്ടു നില്‍ക്കുകയാണ്. ഹെല്‍മെറ്റിന്റെ ഉപയോഗം എന്താണ്? നിങ്ങളെന്താണ് ഒന്നും ചെയ്യാത്തത്?’, സദഫ് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം.
കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ തന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് സദഫ് ചോദിക്കുന്നതായി മറ്റൊരു വീഡിയോയില്‍ കാണുന്നുണ്ട്.
സദഫിനെ ലാത്തി കൊണ്ട് കാലിലും കൈയിലും അടിച്ചെന്നും വയറ്റില്‍ തൊഴിച്ചെന്നും അവരുടെ സഹോദരി ഷബാന ആരോപിച്ചു. സദഫിന് ഇപ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഷബാന പറഞ്ഞു.