തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും ബദലാകും, മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും: സാബു എം. ജേക്കബ്
Thrikkakara by-election
തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും ബദലാകും, മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും: സാബു എം. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2022, 7:43 am

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയില്‍ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോര്‍ക്കുമെന്നും ബദലാവുമെന്നും സാബു എം. ജേക്കബ്. എ.എ.പി ട്വന്റി-ട്വന്റി സഖ്യം എല്‍.ഡി.എഫിനും യു.ഡി.എഫിനും ബദലാകുമെന്ന് സാബു പറഞ്ഞു.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇരുവരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

ട്വന്റി ട്വന്റിയുമായുള്ള ചര്‍ച്ചകള്‍ക്കായി അരവിന്ദ് കെജ്‌രിവാള്‍ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരുപക്ഷേ അന്ന് തന്നെ മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇതിന്റെ ഭാഗമായി കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി അരവിന്ദ് കെജ്‌രിവാള്‍ ദേശീയ നേതാക്കളുമായി യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ സോംനാഥ് ഭാരതിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ടും ചര്‍ച്ചയായി. തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം.

ഏഴു പേരുടെ പട്ടിക നിലവില്‍ ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. എന്നാല്‍ ട്വന്റി-ട്വന്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ.എ.പിയിലേക്ക് ട്വന്റി ട്വന്റി ലയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നിലവില്ലെന്നാണ് വിവരം. ഇരു പാര്‍ട്ടികളും കേരള വികസനത്തിനായി സഹകരിച്ച് നീങ്ങാനാണ് നിലവിലെ ധാരണ

അതേസമയം, കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. അന്തരിച്ച എം.എല്‍.എ പി.ടി. തോമസിന്റെ ഭാര് ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുതന്നെ വിമതസ്വരം ഉയരുന്നുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും അനുനയത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അറിയിച്ചിരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ നയത്തിന്റെ ഭാഗമായി യുവാക്കളെയായിരിക്കും പരിഗണിക്കുക. അഡ്വ. കെ.എസ്. അരുണ്‍ കുമാറിനായിരിക്കും സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വരും ദിവസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെയാവും ബി.ജെ.പി കളത്തിലിറക്കുക എന്നാണ് സൂചന.

മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

 

Content Highlight: Sabu M Jacob Says AAP and Twenty Twenty will be an alternative for LDF and UDF