രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുള്ള ഒരു വേദിയും പങ്കിടില്ല എന്നത് പാര്‍ട്ടി നയം; ശ്രീനിജന്‍ എ.എല്‍.എ ആയത് ഞങ്ങളുടെ ശ്രദ്ധക്കുറവ്: കേസില്‍ പ്രതികരിച്ച് സാബു എം. ജേക്കബ്
Kerala News
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുള്ള ഒരു വേദിയും പങ്കിടില്ല എന്നത് പാര്‍ട്ടി നയം; ശ്രീനിജന്‍ എ.എല്‍.എ ആയത് ഞങ്ങളുടെ ശ്രദ്ധക്കുറവ്: കേസില്‍ പ്രതികരിച്ച് സാബു എം. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 1:27 pm

കൊച്ചി: ജാതീയ വിവേചനം കാണിച്ചുവെന്നും പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്നുമുള്ള കുന്നത്തുനാട് എം.എല്‍.എയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി ട്വന്റി20 അധ്യക്ഷനും കിറ്റെക്‌സ് ഉടമയുമായ സാബു എം. ജേക്കബ്.

തന്നെയും പാര്‍ട്ടിയെയും കമ്പനിയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് സാബു എം. ജേക്കബ് പറയുന്നത്. ഓഗസ്റ്റ് 17ന് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ കേസെടുക്കുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു. കുന്നത്തുനാടിലെ മറ്റ് പഞ്ചായത്തുകളില്‍ തങ്ങള്‍ സ്വാധീനം വളര്‍ത്തുന്നതിനോടുള്ള എല്‍.ഡി.എഫിന്റെ എതിര്‍പ്പാണ് ഇതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ സാബു എം. ജേക്കബ് പറയുന്നുണ്ട്.

‘ഓഗസ്റ്റ് 17ന് നടന്ന സംഭവത്തില്‍ ഡിസംബര്‍ എട്ടാം തീയതി പരാതി എടുക്കുക എന്ന് പറയുമ്പോള്‍ തന്നെ അതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. രണ്ട് ദിവസം മുമ്പ് ഡിസംബര്‍ ആറാം തീയതി കുന്നത്തുനാട് പഞ്ചായത്തിനടത്തുള്ള എല്‍.ഡി.എഫ് കോട്ടയായ തിരുവാണിയൂരില്‍ ഞങ്ങളൊരു മഹാസമ്മേളനം നടത്തി. അതില്‍ ഏകദേശം പതിനായിരത്തോളം പേര്‍ പങ്കെടുത്തു. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് അത്.

ഈ ശ്രീനിജന്‍ കഴിഞ്ഞ തവണ ജയിച്ചത് തന്നെ ഞങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവച്ചിതാണ്. പുള്ളി പോലും പ്രതീക്ഷിക്കാത്ത ജയമായിരുന്നു അത്. ജയം നടന്നുകഴിഞ്ഞ് അധികാരം നേടി അതിന്റെ സുഖം കിട്ടിയപ്പോള്‍ പുള്ളിക്കത് വിട്ടുകളയാനുള്ള മനസ് വരുന്നില്ല. അതിന്റെ പ്രത്യാക്രമണമാണ് ഇത്.

ട്വന്റി20 ഉള്ളിടത്തോളം കാലം കുന്നത്തുനാടില്‍ ഇനിയൊരിക്കല്‍ കൂടി ജയിക്കാന്‍ സാധിക്കില്ലായെന്ന് പുള്ളിക്ക് അറിയാം. അതാണ് കഴിഞ്ഞ തവണ ജയിച്ച ഉടനെ എന്റെ കമ്പനികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. അദ്ദേഹം അന്ന് മുതല്‍ ട്വന്റി20 പാര്‍ട്ടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് എന്നെ ഇല്ലാതാക്കണം. അതിന് ഞങ്ങളുടെ സ്ഥാപനങ്ങള്‍ ഇല്ലാതെയാക്കണം. അതിനുവേണ്ടിയുള്ള ഗൂഢശ്രമമാണ് നടക്കുന്നത്.

കുന്നത്തുനാടില്‍ ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ നാലും ഞങ്ങളാണ് ഭരിക്കുന്നത്. ഒരു പഞ്ചായത്തില്‍ കൂടി ഞങ്ങള്‍ ശക്തി തെളിയിച്ച് ആ നാട്ടുകാര്‍ ഇങ്ങോട്ട് മാറുന്ന സമത്ത് അതിന്റെ ഭയപ്പാടാണ് ഈ കാണിക്കുന്നത്,’ സാബു എം. ജേക്കബ് പറയുന്നു.

എന്നാല്‍ പരിപാടി നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ ശ്രീനിജന്‍ എം.എല്‍.എ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ജാതി വിവേചനമില്ലെന്നും നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ന്ന് എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ഒരു വേദിയും പങ്കിടില്ല എന്നത് തങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമാണെന്നും സാബു എം. ജേക്കബ് പറയുന്നുണ്ട്. ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവനിലെ കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ എം.എല്‍.എ ശ്രീനിജന്‍ വേദിയിലേക്ക് കയറുന്ന സമയത്ത് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരാതി വന്നിരിക്കുന്നത്.

‘ഞങ്ങളുടെ നാല് പഞ്ചായത്തുകളില്‍ പല മീറ്റിങ്ങുകളും നടക്കുന്നുണ്ട്. ആ മീറ്റിങ്ങിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയതിനെ കുറിച്ചാണെങ്കില്‍, വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ പെടുന്ന കാര്യങ്ങളാണ്.

പരമ്പരാഗതമായ രാഷ്ട്രീയപാര്‍ട്ടികളോട് എതിര്‍ത്ത് അധികാരത്തില്‍ വന്നിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ട്വന്റി20. ഇന്ന്  ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളുള്ള ഒരു വേദിയിലും പങ്കെടുക്കേണ്ട എന്നത് ഞങ്ങളുടെ തീരുമാനമാണ്. അത് ആരെന്നുള്ളതല്ല, എല്‍.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ നേതാക്കന്മാര്‍ പങ്കെടുക്കുന്ന ഒരു വേദിയും പങ്കിടേണ്ട എന്നത് ഞങ്ങളുടെ പാര്‍ട്ടിയുടെ നയമാണ്, തീരുമാനമാണ്. ഇതുവരെ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല, ഇനി പങ്കെടുക്കുകയുമില്ല. ശ്രീനിജനല്ല, ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങിലും വേദി പങ്കിടില്ല എന്നത് ഞങ്ങളുടെ പാര്‍ട്ടി തീരുമാനമാണ്,’ സാബു എം. ജേക്കബ് പറയുന്നു.

അതേസമയം, ചടങ്ങില്‍ വെച്ച് വേദിയില്‍ നിന്നും ഇറങ്ങിപ്പോയവര്‍ സദസിലിരുന്നുകൊണ്ട് തനിക്കെതിരെ അവഹേളനം തുടര്‍ന്നുവെന്നും പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് തന്നെ ഇത്തരത്തില്‍ അധിക്ഷേപിച്ചത് ജാതീയ വിവേചനമായിരുന്നെന്നും പരാതിയിലുണ്ട്. സാബു എം. ജേക്കബ് തനിക്കെതിരെ പരസ്യമായി വിലക്ക് പ്രഖ്യാപിച്ചിരുന്നെന്നും അതിന്റെ ഭാഗമാണ് പഞ്ചായത്ത് ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെന്നും ശ്രീനിജന്‍ ആരോപിച്ചിരുന്നു.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്തിരിക്കുന്ന കേസില്‍ സാബു ജേക്കബ് ഒന്നാം പ്രതിയാണ്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാം പ്രതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്ന് മെമ്പര്‍മാരുമാണ് കേസിലെ മറ്റ് പ്രതികള്‍. പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Content Highlight: Sabu M Jacob about the complaint by MLA PV Sreenijan