സ്ത്രീകള്‍ ശബരിമലയില്‍ കയറിയോ ? അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡും
Sabarimala women entry
സ്ത്രീകള്‍ ശബരിമലയില്‍ കയറിയോ ? അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 10:22 am

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീദര്‍ശനം സ്ഥിരീകരിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പമ്പ പൊലീസിനോട് സ്ഥിരീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കയറിയിട്ടുണ്ടെങ്കില്‍ നിയമപരമായി അതില്‍ തെറ്റില്ല, ആചാരപരമായ കാര്യങ്ങള്‍ എന്താണെന്ന് തന്ത്രിയാണ് തീരുമാനിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് ക്ഷേത്രം തന്ത്രിയും അറിയിച്ചു.

അതേസമയം യുവതീപ്രവേശനം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും സ്ഥിരീകരിച്ചിട്ടുണ്ട്.

ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല. എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.