ശബരിമല മേല്‍ശാന്തി നിയമനം: ബ്രാഹ്മണന്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് വീണ്ടും ദേവസ്വം ബോര്‍ഡ് ; തത്സ്ഥിതി തുടരുക മാത്രമാണ് ചെയ്തതെന്ന് എ. പദ്മകുമാര്‍
ആര്യ. പി
Tuesday, 11th June 2019, 5:17 pm
കൊച്ചി: ശബരിമല/മാളികപ്പുറം മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നതാണ് വിജ്ഞാപനം.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും 2014 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് പഴയ രീതി തന്നെ പിന്തുടരുന്നത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചശേഷം ജാതിപരിഗണനയില്ലാതെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളെല്ലാം നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരായി നിയമിക്കുയും ചെയ്തിരുന്നു. എന്നാല്‍ ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തി നിയമനം ഒരു വര്‍ഷത്തേക്കാണ്. സ്ഥിരനിയമനമല്ലാത്തതിനാല്‍ ഇതില്‍ തീരുമാനമെടുക്കുന്നത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മാത്രമല്ല.
ദേവസ്വം ബോര്‍ഡിന്റെ പൊതു അഭിപ്രായം ഇപ്പോഴത്തെ സ്ഥിതി മാറണമെന്ന് തന്നെയാണെന്നും നേരത്തെയുണ്ടായിരുന്ന സമ്പ്രദായം തുടരകുകയും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്തുടരുകയുമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
” ബ്രാഹ്മണ്യം എന്ന് പറയുന്നത് കര്‍മം കൊണ്ടുള്ളതാണ്. ബ്രാഹ്ണ്യം മാത്രമല്ല എല്ലാം കര്‍മത്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണല്ലോ? മന്ത്രവും തന്ത്രവും അറിയുന്നവര്‍, അത് ആരായാലും അവരെ കൂടി പരിഗണിക്കപ്പെടണമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം. എന്നാല്‍ നിലനിന്ന സാഹചര്യം എന്ന നിലയ്ക്കാണ് ഇപ്പോഴും ഇത് പിന്തുടര്‍ന്നത്. നേരത്തെ ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അത് നടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. അത് മാറ്റാനാവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനെപ്പറ്റി ആലോചിക്കും. ഇപ്പോള്‍ അതിന്റെ സമയമില്ലാത്തതുകൊണ്ടാണ് ആലോചിക്കാതിരുന്നത്. വരുംവര്‍ഷങ്ങൡ മാറ്റം പ്രതീക്ഷിക്കാം”- പദ്മകുമാര്‍ പ്രതികരിച്ചു.
2002 ലാണ് ദേവസ്വം നിയമനങ്ങളില്‍ ജാതിപരിഗണന പാടില്ലെന്ന് പറവൂര്‍ രാകേഷ് തന്ത്രിയുടെ കേസില്‍ സുപ്രീംകോടതി വിധിയുണ്ടായത്. എങ്കിലും എല്ലാവര്‍ഷവും ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ജാതി വിവേചനം മുഴച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈഴവനായ ശാന്തിയുടെ അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചതും വിവാദമായിരുന്നു. മലയാള ബ്രാഹ്മണന്‍ അല്ലാത്തതിനാല്‍ അവസരം നല്കാനാകില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡ് നിലപാട്.
കോട്ടയം നാട്ടകം സ്വദേശിയും പള്ളം മഹാദേവ ക്ഷേത്രത്തിലെ ശാന്തിയുമായ വിഷ്ണുനാരായണന്‍ സി.വിയോടായിരുന്നു ദേവസ്വം ബോര്‍ഡ് ജാതി വിവേചനം കാട്ടിയത്. ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി അപേക്ഷ നല്കിയെങ്കിലും മലയാള ബ്രാഹ്മണന്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത് നിരസിക്കുകയായിരുന്നു. മേല്‍ശാന്തിമാരുടെ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവിലും അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണര്‍ തന്നെയാകണം എന്ന നിബന്ധനയുമുണ്ട്.
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിലേക്കുള്ള ലിസ്റ്റില്‍ ഇടം പിടിക്കാന്‍ പോലും ബ്രാഹ്മണേതര പൂജാരിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. നറുക്കെടുപ്പിലേക്കുള്ള പട്ടിക തയ്യാറെടുക്കുമ്പോള്‍ തന്നെ അബ്രാഹ്മണര്‍ പുറത്താകും.
ശാന്തി നിയമനത്തില്‍ ജാതി യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ബ്രാഹ്മണരെ മാത്രം ഈ തസ്തികയിലേക്ക് പരിഗണിക്കാനാകില്ലെന്നുമായിരുന്നു 2002 ലെ സുപ്രീം കോടതിയുടെ വിധി. 2002ലെ ആദിത്യന്‍ / തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസിലായിരുന്നു സുപ്രിംകോടതി ഈ ചരിത്രവിധി പ്രഖ്യാപിച്ചത്.
ബ്രാഹ്മണരെ മാത്രം പൂജാരികളായി നിയമിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും ലംഘനമാണെന്നും പൗരന്റെ അന്തസിനെ മാനിക്കാത്തതാണെന്നും ഈ വിധിയില്‍ പറയുന്നു.
കൂടാതെ ബ്രാഹ്മണരെ മാത്രം ശാന്തി നിയമനത്തില്‍ പരിഗണിക്കുകയെന്നത് ഹിന്ദു സമുദായത്തിന് ഒഴിവാക്കാനാകാത്ത ഒന്നായി കണക്കാക്കാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് യോഗ്യതകളെല്ലാമുണ്ടായിട്ടും ബ്രാഹ്മണനല്ലെന്നതിന്റെ പേരില്‍ ഒരു തൊഴിലന്വേഷകനെ ഒഴിവാക്കാനാകില്ലെന്ന് ഈ വിധിയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ കോടതി വിധി നിലനില്‍ക്കെയാണ് ശബരിമല മേല്‍ശാന്തി നിയമനത്തിന്റെ വിജ്ഞാപനത്തില്‍ അബ്രാഹ്മണര്‍ ആയവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പറയുന്നതും.
കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ നാല് ദേവസ്വം ബോര്‍ഡുകളിലും ഇപ്പോഴും ശാന്തി നിയമനത്തില്‍ ബ്രാഹ്മണന്‍ എന്ന നിബന്ധന മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ കോടതി വിധിയ്ക്ക് ശേഷം നിരവധി അബ്രാഹ്മണരെ നിയമിച്ചിട്ടുണ്ടെങ്കിലും ദലിതരെ നിയമിക്കാന്‍ തയ്യാറായിരുന്നില്ല. സമീപകാലത്ത് മാത്രമാണ് അതിനും മാറ്റമുണ്ടായത്. അതേസമയം ശബരിമലയില്‍ മാത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മേല്‍ശാന്തി അല്ലെങ്കില്‍ ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഇപ്പോഴും മലയാളി ബ്രാഹ്മണന്‍ എന്ന നിബന്ധന വയ്ക്കുന്നുണ്ടെന്ന്
1195 ചിങ്ങമാസം ഒന്നാം തിയതി 35 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എസ്എസ്എല്‍സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവരും രണ്ട് നേരം നടതുറന്നിരിക്കുന്നവരും മൂന്ന് പൂജകളുള്ളതും എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കുന്നതുമായ ക്ഷേത്രത്തിലോ/ക്ഷേത്രങ്ങളിലോ ആകെ പന്ത്രണ്ട് വര്‍ഷങ്ങളില്‍ പത്തു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മേല്‍ശാന്തി സേവനം നടത്തിയിട്ടുള്ളവരും സല്‍സ്വഭാവികളും സദാചാര വിരുദ്ധ നടപടികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും നല്ല ശാന്തിക്കാരന്‍ എന്ന നിലയില്‍ സമൂഹത്തില്‍ അംഗീകാരമുള്ളവരും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവരും അംഗവൈകല്യമോ ഗുരുതരമായ അസുഖങ്ങളോ ഇല്ലാത്തവരും നിലവില്‍ പൂര്‍ണമായും ശാന്തി ജോലി നോക്കുന്നവരും സംസ്‌കൃതഭാഷയിലും ശബരിമല, മാളികപ്പുറം ദേവസങ്കല്‍പ്പങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും അറിവുള്ളവരും ആയ കേരളത്തില്‍ ജനിച്ചതും കേരളീയ ആചാര പ്രകാരം പൂജ/താന്ത്രിക കര്‍മ്മങ്ങള്‍ അഭ്യസിച്ചിട്ടുള്ളതുമായ മലയാള ബ്രാഹ്മണര്‍ ആയിരിക്കണം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. സുപ്രിംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ഇതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ജാതി വിവേചനം മാത്രമല്ല, വികലാംഗരെയടക്കം വിവേചിച്ചു നിര്‍ത്തുന്നതാണ് ഈ വിജ്ഞാപനമെന്നും ആക്ഷേമുണ്ട്.