കണ്ണുതള്ളുന്ന കോടികളുടെ ഡീലില്‍ സ്‌റ്റോക്‌സ് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍; ഇപ്പോള്‍ തന്നെ ടീം ഡബിള്‍ സ്‌ട്രോങ്
Sports News
കണ്ണുതള്ളുന്ന കോടികളുടെ ഡീലില്‍ സ്‌റ്റോക്‌സ് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍; ഇപ്പോള്‍ തന്നെ ടീം ഡബിള്‍ സ്‌ട്രോങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 7:47 pm

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കി എസ്.എ-20 വമ്പന്‍മാരായ എം.ഐ കേപ്ടൗണ്‍. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലാണ് സ്റ്റോക്‌സ് മുംബൈയുടെ നീല നിറത്തില്‍ കളത്തിലിറങ്ങുക.

നേരത്തെ പുറത്തുവന്ന ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം 800,000 പൗണ്ടിന്റെ (ഏകദേശം 8.65 കോടി ഇന്ത്യന്‍ രൂപ) ഓഫറാണ് എം.ഐ കേപ്ടൗണ്‍ ബെന്‍ സ്റ്റോക്സിന് മുമ്പില്‍ വെച്ചത്.

സ്റ്റോക്സ് ഈ ഓഫര്‍ സ്വീകരിച്ചേക്കുമെന്നും കേപ്ടൗണിനായി കളിക്കുമെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകള്‍ സത്യമാക്കിക്കൊണ്ടാണ് സ്‌റ്റോക്‌സി എം.ഐയുടെ ഭാഗമാകുന്നത്.

ആറ് ടീമുകളുമായി 2023ലാണ് എസ്.എ-20 ആരംഭിച്ചത്. നിലവിലുള്ള എല്ലാ ടീമുകളും ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ളവരാണ്. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടാണ് എം.ഐ കേപ്ടൗണ്‍.

കുറച്ചുകാലമായി താരം ടി-20 ഫോര്‍മാറ്റുകളുടെ ഭാഗമല്ല. പക്ഷേ സ്റ്റോക്സ് നിലവില്‍ സ്ഥിരമായി പന്തെറിയുന്നുണ്ട്. ഇക്കാരണംകൊണ്ടുതന്നെ ഒരു മികച്ച ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിക്ക് താരത്തെ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദി ഹണ്‍ഡ്രഡില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന്റെ താരമായ സ്റ്റോക്‌സ് ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാനും സാധിച്ചിരുന്നില്ല. ഞായറാഴ്ച മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തില്‍ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ പരിക്കിന് പിന്നാലെ ഓഗസ്റ്റ് 21ന് ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക പരമ്പരയിലും താരത്തിന് കളിച്ചേക്കാന്‍ സാധിച്ചേക്കില്ല. എസ്.എ-20യുടെ അടുത്ത സീസണ്‍ ജനുവരിയിലാണ് നടക്കുന്നത് എന്നതിനാല്‍ താരം ഉറപ്പായും ടീമിന്റെ ഭാഗമായേക്കും.

2022 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതില്‍ പ്രധാനിയായിരുന്ന ബെന്‍ സ്റ്റോക്സ് ഐ.പി.എല്ലിലും തിളങ്ങിയിരുന്നു.

ഐ.പി.എല്ലിന്റെ ഭാഗമായ അവസാന സീസണില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും 2017 എഡിഷനില്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരം നേടിയത് സ്റ്റോക്സായിരുന്നു.

സ്റ്റോക്സിനെ ടീമിലെത്തിക്കുന്നതോടെ എം.ഐ ടീമിന്റെ തലവര മാറുമെന്നാണ് ആരാധകരും ഫ്രാഞ്ചൈസിയും ഉറച്ചുവിശ്വസിക്കുന്നത്. സ്‌റ്റോക്‌സിലൂടെ ടൂര്‍ണമെന്റിലെ കന്നിക്കിരീടവും ടീം സ്വപ്‌നം കാണുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കേപ്ടൗണ്‍. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി 13 പോയിന്റായിരുന്നു ടീമിനുണ്ടായിരുന്നത്.

ഉദ്ഘാടന സീസണിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് മത്സരം കളിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഏഴിലും തോറ്റു. 13 പോയിന്റ് തന്നെയായിരുന്നു ആദ്യ സീസണിലും ടീമിന് നേടാന്‍ സാധിച്ചത്.

അടുത്ത വര്‍ഷം ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ടൂര്‍ണമെന്റിന്റെ മൂന്നാം സീസണ്‍. ഫൈനലടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക.

അതേസമയം, അടുത്ത സീസണിനുള്ള ടീം ഒരുക്കുന്ന തിരക്കിലാണ് എം.ഐ. ഇതിനോടകം തന്നെ 14 താരങ്ങളെ ടീം പാളയത്തിലെത്തിച്ചിട്ടുണ്ട്. അഞ്ച് താരങ്ങളെ കൂടിയാണ് ടീം സ്വന്തമാക്കേണ്ടത്.

എം.ഐ കേപ് ടൗണ്‍ സ്‌ക്വാഡ് 2025

ഓവര്‍സീസ് താരങ്ങള്‍

റാഷിദ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, അസ്മത്തുള്ള ഒമര്‍സായ്, നുവാന്‍ തുഷാര, ക്രിസ് ബെഞ്ചമിന്‍.

മറ്റ് താരങ്ങള്‍

കഗീസോ റബാദ, റാസി വാന്‍ ഡെര്‍ ഡസന്‍, റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ജോര്‍ജ് ലിന്‍ഡെ, തോമസ് കബേര്‍, കോനര്‍ എസ്റ്റര്‍ഹൂയ്‌സണ്‍, ഡെലാനോ പോട്‌ഗെയ്റ്റര്‍.

 

Content highlight: SA20 2025:  Ben Stokes joins MI Cape Town