'റവന്യൂ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു'; മന്ത്രി പറയുന്നത് കള്ളമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ
Kerala
'റവന്യൂ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നു'; മന്ത്രി പറയുന്നത് കള്ളമെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2017, 3:30 pm

തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി എസ്. രാജേന്ദ്രന്‍ എം.എല്‍.എ. റവന്യൂ മന്ത്രി പറയുന്നത് കള്ളമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞ കള്ളം മന്ത്രി അതേപടി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

നേരത്തേ എസ്. രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് ഭൂമിയുടെ പട്ടയം വ്യാജമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചിരുന്നു. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ ചോദ്യത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിനോടുള്ള ത്രികരണമായാണ് രാജേന്ദ്രന്റെ വിമര്‍ശനം.


Also Read: നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ തെക്കേ ഇന്ത്യയിലെ ഒരു റസ്റ്റോറന്റില്‍ പാചകക്കാരനാണ്: കഴിയുന്നത് പുതിയ പേരില്‍


റവന്യൂ മന്ത്രി ഗൂഡാലോചനയുടെ ഭാഗമായി മാറുകയാണ്. അദ്ദേഹം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നത് മന്ത്രി അതേപടി വിഴുങ്ങരുതെന്നും രാജേന്ദ്രന്‍ പറഞ്ഞു.

റവന്യൂ മന്ത്രി ഗൂഡാലോചനയുടെ ഭാഗമായി മാറുന്നു. അദ്ദേഹത്തിന് പക്വതയില്ല. വസ്തുതകള്‍ മന്ത്രി പഠിക്കണം. പട്ടയത്തിന്റെ ഫയല്‍ കാണാനില്ലെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. അതിന് താന്‍ ഉത്തരവാദിയല്ല. റവന്യൂ വകുപ്പ് സ്ഥിതി ചെയ്യുന്നത് തന്റെ വീട്ടിലല്ലെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

എസ്. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയാണെന്നും റവന്യൂ മന്ത്രി ഇന്ന് രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. പട്ടയഭൂമിയായുള്ള തിരുത്തല്‍ ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ രണ്ട് തവണ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷനും രണ്ട് തവണ തള്ളിയെന്നും റവന്യൂ മന്ത്രി സഭയില്‍ പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളെ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സഭയില്‍ റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.

മൂന്നാറിലെ ചെറുകിട-വന്‍കിട കയ്യേറ്റങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തേ വിവാദമായ പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കലിനു ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.