Advertisement
Jammu and Kashmir
'അവരുമായൊന്നും ചര്‍ച്ച നടത്താന്‍ താത്പര്യമില്ല'; കശ്മീരില്‍ കേന്ദ്രത്തെ വിമര്‍ശിച്ച യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 20, 06:31 am
Friday, 20th December 2019, 12:01 pm

ന്യൂദല്‍ഹി: അമേരിക്കന്‍ നിയമസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ പ്രമേയത്തിലൂടെ വിമര്‍ശിച്ച യു.എസ് കോണ്‍ഗ്രസ് വനിത അംഗം പ്രമീള ജയപാല്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നിയമസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയാണ് ജയശങ്കര്‍ റദ്ദാക്കിയത്.

ഇത്തരമൊരു പ്രമേയം ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ശരിയായ ധാരണയുടെ പുറത്തോ അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്ന ന്യായമായ കാര്യങ്ങളുടെ പുറത്തോ ഉള്ളതാണെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ അവരെ കാണാന്‍ എനിക്ക് താത്പര്യമില്ല”- എന്നായിരുന്നു എസ്.ജയശങ്കറിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘വസ്തുനിഷ്ഠമായ കാര്യങ്ങള്‍ പറകയും അതിന് മുകളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകുന്ന ആളുകളുമായും സംസാരിക്കുന്നതില്‍ എനിക്ക് താത്പര്യമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളിലൊക്കെ നേരത്തെ തന്നെ ഒരു ധാരണ മനസില്‍ ഉറപ്പിച്ചുവച്ചവരുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല ”- എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ യോഗം റദ്ദാക്കാനുള്ള മന്ത്രിയുടെ തീരുമാനത്തെ പ്രമീള ജയ്പാല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു കൂടിക്കാഴ്ച റദ്ദാക്കിയത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഭിന്നാഭിപ്രായം കേള്‍ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതാണ് ഇത്തരമൊരു നീക്കത്തിലൂടെ വ്യക്തമായതെന്നും ജയപാല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ യു.എസ് ജനപ്രതിനിധിസഭ ഈ മാസം ആദ്യമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും എത്രയും വേഗം എടുത്തുമാറ്റണമെന്നായിരുന്നു പ്രമേയത്തിലൂടെ യു.എസ് കോണ്‍ഗ്രസ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യുഎസ് ജനപ്രതിനിധി സഭാംഗങ്ങളും ഇന്ത്യന്‍ വംശജരുമായ പ്രമീളാ ജയപാലും ഷീല ജാക്സണ്‍ ലീയും കശ്മീരിലെ മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍നയത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

കശ്മീരില്‍ ഇപ്പോഴും നിയന്ത്രണം തുടരുന്നതിനെയും മൂന്ന് മുന്‍മുഖ്യമന്ത്രിമാരടക്കം നൂറുകണക്കിന് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും ഒരു കുറ്റവും ചുമത്താതെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യംചെയ്തിരുന്നു. കുട്ടികളെപ്പോലും തടങ്കലിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രമീള ജയപാല്‍ തുറന്നടിച്ചത്.