ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ആറ് വിക്കറ്റുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
L̶o̶o̶k̶ ̶b̶e̶t̶w̶e̶e̶n̶ ̶Q̶ ̶&̶ ̶E̶ 𝐖𝐄 𝐆𝐎𝐓 𝐓𝐇𝐄 𝐖 💙 pic.twitter.com/Zuh0c4LLx8
— Lucknow Super Giants (@LucknowIPL) April 23, 2024
ചെന്നൈക്കായി നായകന്‍ റിതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് നടത്തിയത്. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരം പരാജയപ്പെട്ടതോടെ ഒരു മോശം നേട്ടമാണ് ഗെയ്ക്വാദിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഒരു താരം സെഞ്ചറി നേടിയിട്ടും ടീം പരാജയപ്പെട്ട മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനാണ് ചെന്നൈ നായകന്‍ സാധിച്ചത്. രണ്ട് തവണയാണ് ഗെയ്ക്വാദ് സെഞ്ച്വറി നേടിയിട്ടും ചെന്നൈ പരാജയപ്പെട്ടത്.
മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം അംല രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എന്നിവരും രണ്ട് തവണ ഈ മോശം നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെടുന്ന നേട്ടത്തില്‍ ഒന്നാമതുള്ളത് വിരാട് കോഹ്‌ലിയാണ്.
ഗെയ്ക്വാദിന് പുറമെ 27 പന്തില്‍ 65 നേടി ശിവം ദുബെയും ചെന്നൈക്കായി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
മറുഭാഗത്ത് മാര്‍ക്കസ് സ്റ്റോണിസിന്റെ സെഞ്ച്വറി കരുത്തിലാണ് ലഖ്‌നൗ ചെന്നൈയ്ക്കെതിരെ ജയിച്ചു കയറിയത്. 63 പന്തില്‍ പുറത്താവാതെ 124 റണ്‍സ് ആണ് സ്റ്റോണിസ് അടിച്ചെടുത്തത്. 13 ഫോറുകളും ആറ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയവും നാല് തോല്‍വിയും അടക്കം എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 28ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Ruturaj Gaikwad create a unwanted record