World News
ഉക്രൈന്‍ നഗരം ബാക്മൂത് പിടിച്ചെടുത്തതായി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 21, 04:29 am
Sunday, 21st May 2023, 9:59 am

കീവ്: കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ബാക്മൂത് പൂര്‍ണമായും ശനിയാഴ്ച പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടത്തായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബാക്മൂത് കീഴടക്കിയെന്ന് റഷ്യന്‍ പാരാമിലിറ്ററി സംഘം വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗാനി പ്രിഗോഷിന്‍
(Yevgeny Prigozhin) അറിയിച്ചു. ‘ഇന്ന് (മെയ് 20) ഉച്ചക്ക് 12 മണിക്ക് ബാക്മൂത് പൂര്‍ണമായും പിടിച്ചെടുത്തു’ വീഡിയോയിലൂടെ യെവ്ഗാനി പ്രിഗോഷിന്‍ പറഞ്ഞു. വാഗ്നര്‍ ബാനറുകളും പതാകകളും പിടിച്ചുനില്‍ക്കുന്ന സൈനികരും വീഡിയോയില്‍ ഉണ്ടായിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിനെയും സംഘത്തെയും അഭിനന്ദിച്ചതായി റഷ്യന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ അവകാശവാദം വന്നതിന് പിന്നാലെ ഉക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മാലിയാര്‍ ബാക്മൂതിലെ സാഹചര്യം ഗുരുതരമാണെന്ന് സമ്മതിക്കുന്നതായി അറിയിച്ചു. എന്നാല്‍ ഉക്രൈന്‍ സൈന്യം ഇപ്പോയും ബാക്മൂതില്‍ പ്രതിരോധം തുടരുകയാണെന്നും മന്ത്രി അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.


ബാക്മൂത് പിടിച്ചടക്കിയതായുള്ള റഷ്യന്‍ വാദം ഉക്രൈന്‍ സൈന്യം നിഷേധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടെ ഉക്രൈന്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതവുമായ പ്രദേശമാണ് ബാക്മൂത്. ബാക്മൂത് പിടിച്ചെടുക്കുന്നതിലൂടെ ഉക്രൈനില്‍ നിന്നും പിടിച്ചെടുത്തതായി അവകാശപ്പെട്ട ഡോണ്‍ബാസ് മേഖലയിലേക്ക് കൂടുതല്‍ മുന്നേറാന്‍ റഷ്യന്‍ സൈന്യത്തിന് എളുപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാക്മൂതിനെ ഉക്രൈനിന്റെ സ്വാധീനം പിടിച്ചെടുക്കുന്നതിനുള്ള പ്രധാന പ്രവേശനകവാടമായാണ് റഷ്യ കാണുന്നത്. ബാക്മൂതിന്റെ നിയന്ത്രണം കിട്ടിയാല്‍ ക്രമറ്റോര്‍സ്‌ക്, സ്ലോവിയാന്‍സ്‌ക് പോലുള്ള നഗരങ്ങള്‍ കീഴടക്കാന്‍ റഷ്യക്ക് എളുപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

CONTENTHIGHLIGHT: Russia says Ukrain vity Bakmuth captured