കാന്താര 2വില്‍ റിഷബിനൊപ്പം മോഹന്‍ലാലും? അമ്പരന്ന് സിനിമാലോകം
Film News
കാന്താര 2വില്‍ റിഷബിനൊപ്പം മോഹന്‍ലാലും? അമ്പരന്ന് സിനിമാലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 10:14 pm

കന്നഡ ഇന്‍ഡസ്ട്രിയില്‍ പുറത്തുവന്ന മികച്ച സിനിമകളിലൊന്നാണ് കാന്താര. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കര്‍ണാടകയില്‍ കെ.ജി.എഫിനെയും പിന്തള്ളി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് കാന്താര 2 ഒരുക്കുന്നതെന്ന് റിഷബ് അറിയിച്ചിരുന്നു. ആദ്യ ഭാഗത്തെപ്പോലെ പാന്‍ ഇന്ത്യനായാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും കാന്താര 2വിന്റെ ഭാഗമായേക്കുമെന്ന റൂമറുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസുമായി മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളാഷ്ബാക്ക് സീനില്‍ റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായാകും മോഹന്‍ലാല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ണാടകയിലെ പ്രാചീന കലാരൂപമായ ഭൂതക്കോലത്തിന്റെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും ചേര്‍ത്ത ചിത്രമായാണ് കാന്താര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നായകനായ ശിവയായി ഗംഭീരപ്രകടനമാണ് റിഷബ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ അവസാന 20 മിനിറ്റ് സീനിലെ പ്രകടനം പലരും വാനോളം പ്രശംസിച്ചു. 2022ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കാന്താരയിലൂടെ റിഷബ് സ്വന്തമാക്കിയിരുന്നു. കര്‍ണാടകക്ക് പുറമെ കേരളത്തിലും നോര്‍ത്ത് ഇന്ത്യയിലും ചിത്രം വന്‍ വിജയമായി മാറിയിരുന്നു.

ആദ്യഭാഗത്തിന്റെ വിജയത്തെത്തുടര്‍ന്നാണ് രണ്ടാം ഭാഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചത്. പഞ്ചുരുളിയുടെയും ഗുളികന്റെയും അറിയാക്കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും രണ്ടാം ഭാഗത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. റിഷബ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. 125 കോടിക്കാണ് ചിത്രം ഒരുങ്ങുന്നത്.

വെറും 16 കോടിക്ക് നിര്‍മിച്ച ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ 400 കോടിക്കുമുകളില്‍ കളക്ട് ചെയ്തിരുന്നു. റിഷബിന് പുറമെ സപ്തമി ഗൗഡ, അച്യുത് കുമാര്‍, കിഷോര്‍ തുടങ്ങിയവരും കാന്താരയുടെ ഭാഗമായിരുന്നു. അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണവും അജനേഷ് ലോകനാഥിന്റെ സംഗീതവും കാന്താരയെ കൂടുതല്‍ മികച്ചതാക്കി. രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റുകള്‍ അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Mohanlal might be a part of Kantara 2 with Rishab Shetty