എമ്പുരാനില്‍ നിന്ന് പിന്മാറാനൊരുങ്ങി ലൈക്ക പ്രൊഡക്ഷന്‍സ്? ഇതുവരെ മുടക്കിയ പൈസ തിരിച്ച് ചോദിച്ചുവോ?
Film News
എമ്പുരാനില്‍ നിന്ന് പിന്മാറാനൊരുങ്ങി ലൈക്ക പ്രൊഡക്ഷന്‍സ്? ഇതുവരെ മുടക്കിയ പൈസ തിരിച്ച് ചോദിച്ചുവോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 5:18 pm

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് പ്രധാനവേഷത്തിലെത്തുന്നത്. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സും പങ്കാളികളാകുന്നുണ്ട്. ലൈക്ക നിര്‍മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യനായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷമാണ് ലൈക്ക എമ്പുരാന്റെ ഭാഗമാകുന്നുവെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് എമ്പുരാനില്‍ നിന്ന് ലൈക്ക പിന്മാറാന്‍ തീരുമാനിച്ചുവെന്നാണ്. ഇതുവരെ ലൈക്ക എമ്പുരാനില്‍ ഇന്‍വെസ്റ്റ് ചെയ്ത പൈസ തിരികെ കൊടുക്കേണ്ടി വരുമെന്നുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും അതെല്ലാം തെറ്റാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലൈക്ക പിന്മാറിയ ഒഴിവിലേക്ക് കന്നഡയിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനിയായ ഹോംബാലെ ഫിലിംസ് എമ്പുരാനിലേക്കെത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ലൈക്ക ഏറ്റെടുക്കുന്ന ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ഒന്നാം ഭാഗം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതൊഴിച്ചാല്‍ ബാക്കി ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ നിറം മങ്ങുകയായിരുന്നു.

പൊന്നിയിന്‍ സെല്‍വന്‍ 2 ഭേദപ്പെട്ട വിജയം നേടിയപ്പോള്‍ തുടര്‍ന്നു വന്ന ചന്ദ്രമുഖി 2 വന്‍ പരാജയമായി മാറി. രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ലാല്‍ സലാം 50 കോടി പോലും നേടാനാകാതെ പോയപ്പോള്‍ വന്‍ ബജറ്റിലെത്തിയ ഇന്ത്യന്‍ 2 ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഷങ്കര്‍ സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ആറിലധികം ഗെറ്റപ്പിലെത്തിയ ചിത്രം ട്രോളന്മാരുടെ ഇരയായി മാറി.

അതേസമയം എമ്പുരാന്റെ പുതിയ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യു.എസ്, യു.കെ, ദുബായ് എന്നീ വിദേശ ലൊക്കേഷനിലെ ഷൂട്ടിന് ശേഷം ഇന്ത്യയിലേക്കെത്തുകയായിരുന്നു. തിരുവനന്തപുരം, കൊച്ചി, ഗുജറാത്ത് എന്നിവിടങ്ങളിലെ ഷൂട്ടിന് ശേഷമാണ് എമ്പുരാന്റെ ക്രൂ ഹൈദരാബാദിലെത്തിയിരിക്കുന്നത്. ലൂസിഫറിന്റെ ആറാം വാര്‍ഷികമായ 2025 മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Rumors that Lyca productions backed out from Empuraan