വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വെങ്കട് പ്രഭുവും വിജയ്‌യും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ച ഒന്നാണ്. ന്യൂ ഇയര്‍ ദിനത്തില്‍ വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ രണ്ടും സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ ഉള്ള സിനിമയെന്ന സൂചനകളാണ് തന്നത്.
ബിഗിലിന് ശേഷം ദളപതി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. നീണ്ട ഇടവേളക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്ന സിനിമ കൂടിയാണിത്. വിജയ് പാടിയ ആദ്യ പാട്ട് യൂട്യൂബിലെ സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റൂമറുകളും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നതാണ്.
തമിഴിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ വിജയകാന്തിനെ സിനിമയില്‍ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിനിമയെക്കുറിച്ച് കേള്‍ക്കുന്ന ഏറ്റവും ശക്തമായ റൂമറുകള്‍. സിനിമയില്‍ വിജയ്‌യുടെ ചെറുപ്പകാലം കാണിക്കുവാന്‍ വേണ്ടി ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോയുടെ മേല്‍നോട്ടത്തില്‍ ഡീ ഏജിങ് ടെക്‌നേളജി ഉപയോഗിക്കുന്നുണ്ടെന്നും ആദ്യം മുതല്‍ക്കേ കേള്‍ക്കുന്നുണ്ട്.
അതുപോലെ ഇന്‍സ്ട്രിയിലെ രണ്ട് മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുവെന്നും റൂമറുകള്‍ നിലനില്‍ക്കുന്നുണ്ട്. തമിഴ് സിനിമയില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന ശിവകാര്‍ത്തികേയന്‍ സിനിമയില്‍ പ്രധാനപ്പെട്ട അതിഥിവേഷം ചെയ്യുന്നുവെന്നാണ് ഇതില്‍ ആദ്യത്തേത്. അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ഇപ്പോള്‍ തമിഴ് സിനിമയിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. മുമ്പ് വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്ന പാട്ടിന്റെ വരികള്‍ എഴുതിയതും ശിവയായിരുന്നു. ഇരുവരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
വിജയ്‌യുടെ കൂടെ ഒരു ഗാനരംഗത്തില്‍ തൃഷയും വന്നേക്കുമെന്നാണ് രണ്ടാമത്തെ റൂമര്‍. ലിയോ എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്നത് കാണാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. എ.ജി.എസ് എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ അര്‍ച്ചന കല്പാത്തിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭുദേവ, സ്‌നേഹ, പ്രശാന്ത്, അജ്മല്‍ അമീര്‍, മീനാക്ഷി ചൗധരി എന്നിവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rumors about Greatest of All Time movie viral in social media