ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇനിമുതല്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം; യാത്രക്ക് മുമ്പ് ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം
national news
ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇനിമുതല്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം; യാത്രക്ക് മുമ്പ് ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 9:01 am

ന്യൂദല്‍ഹി: ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതല്‍ കടുപ്പിച്ച് ഇന്ത്യ.

കൊവിഡ് വ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, തായ്‌ലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിലും ജനുവരി ഒന്ന് മുതല്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും.

നേരത്തെ പല ഏഷ്യന്‍ രാജ്യങ്ങളിലും കൊവിഡ് തരംഗമുണ്ടായി ഏകദേശം ഒരു മാസത്തിന് ശേഷമായിരുന്നു ഇന്ത്യയില്‍ കൊവിഡ് നിരക്ക് വര്‍ധിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുന്നത്.

നേരത്തെ ജനങ്ങള്‍ അവശ്യ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ നിലവിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് വിലയിരുത്തുകയും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണോയെന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.

പിന്നാലെ നീതി ആയോഗിലെ ആരോഗ്യ വിഭാഗത്തിന്റെ ചുമതലയുള്ള ഡോ. വിനോദ് കുമാര്‍ പോള്‍, പഴയതുപോലെ മാസ്‌ക് ധരിക്കുന്ന ശീലത്തിലേക്ക് മടങ്ങണമെന്നും എത്രയും പെട്ടെന്ന് കൊവിഡ് വാക്സിനെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

അതേസമയം, ചൈനയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വകഭേദമായ ബി.എഫ്.7 കേസുകള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ ബയോടെക്നോളജി റിസര്‍ച്ച് സെന്ററിലാണ് ആദ്യ ബി.എഫ്.7 കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒക്ടോബറിലായിരുന്നു.

അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ബി.എഫ്.7. ഒരിക്കല്‍ കൊവിഡ് ബാധിച്ചവരെയും വാക്സിനേഷന്‍ എടുത്തവരെയും രോഗബാധിതരാക്കാനും, ശരീരങ്ങളിലേക്ക് അതിവേഗം തന്നെ കടന്നുകയറാനും ശേഷിയുള്ളതാണ് ബി.എഫ്.7 എന്നതും ഈ വകഭേദത്തെ അപകടകാരിയാക്കുന്നുണ്ട്.

ചൈനക്ക് പുറമെ യു.എസ്, ബ്രിട്ടന്‍, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: RTPCR test has been made mandatory for flyers coming from China, Tailand, South Korea, Japan, Singapore ang Hong Kong