ചെയ്ത തെറ്റുകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസ് മതപരിവര്‍ത്തനവും ജനസംഖ്യ നയവും ഉന്നയിക്കുന്നത്: മായാവതി
national news
ചെയ്ത തെറ്റുകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസ് മതപരിവര്‍ത്തനവും ജനസംഖ്യ നയവും ഉന്നയിക്കുന്നത്: മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd October 2022, 5:04 pm

ലഖ്നൗ: ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസ് മതപരിവര്‍ത്തനവും ജനസംഖ്യാ നയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.

രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്ന ആര്‍.എസ്.എസ് നയം ആശങ്കയുണ്ടാക്കുന്നതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

”വിലക്കയറ്റം, തൊഴിലില്ലായ്മ, അക്രമം, ക്രമക്കേട് എന്നീ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആര്‍.എസ്.എസിന്റെ പുതിയ ആരോപണങ്ങള്‍. ആര്‍.എസ്.എസ് ഇപ്പോള്‍ ഉയര്‍ത്തുന്ന വിയോജിപ്പുള്ള ശബ്ദം ആസൂത്രിതമാണ്,” മായാവതി പറഞ്ഞു.

”2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വോട്ട് നേടാനുള്ള ശ്രമത്തിന്റെയും ഗൂഢാലോചനയുടെയും ഭാഗമാണ് ആര്‍.എസ്.എസിന്റെ നീക്കം. ജനങ്ങള്‍ ഈ ചതി മനസിലാക്കണം,” മായാവതി കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനവും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവുമാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍ എന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മായാവതി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. മതപരിവര്‍ത്തനം രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും പങ്കെടുത്തിരുന്നു.

‘സമഗ്ര ജനസംഖ്യാ നിയന്ത്രണ നയം ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍, മതപരിവര്‍ത്തനം മൂലം ഹിന്ദുക്കളുടെ ജനസംഖ്യ പലയിടത്തും കുറഞ്ഞുവെന്നും അതിന്റെ പല അനന്തരഫലങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഹൊസബലെ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മുസ്‌ലിം പള്ളി സന്ദര്‍ശനത്തെ പരിഹസിച്ചും മായാവതി രംഗത്തെത്തിയിരുന്നു. മോഹന്‍ ഭഗവത് ദല്‍ഹിയിലെ പള്ളിയും മദ്‌റസയും സന്ദര്‍ശിച്ചതിന് ശേഷം മുസ്‌ലിങ്ങളോടുള്ള ബി.ജെ.പിയുടെയും സര്‍ക്കാരുകളുടെയും ‘നിഷേധാത്മക മനോഭാവത്തില്‍’ മാറ്റമുണ്ടാകുമോ എന്നായിരുന്നു മായാവതിയുടെ ചോദ്യം.

തുറസായ സ്ഥലത്ത് മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്നത് യോഗി സര്‍ക്കാരിന് സഹിക്കാന്‍ കഴിയുന്നില്ലെന്നും മായാവതി ട്വീറ്റില്‍ പറഞ്ഞു.

Content Highlight: RSS promotes conversion and population policy to divert people’s attention from party’s failures: Mayawati