ന്യൂദല്‍ഹി: സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആര്‍.എസ്.എസ് എന്ന് പാര്‍ട്ടി തലവന്‍ മോഹന്‍ ഭാഗവത്.
ഇന്ത്യ ഒരു ലോക ശക്തിയായില്ലെങ്കിലും കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു ലോക ഗുരുവായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ എന്നാണ് മാധ്യമങ്ങള്‍ ഞങ്ങളെ വിശേഷിപ്പിക്കുന്നത്, എന്നാല്‍ അത് അസത്യമാണ്. ഞങ്ങളുടെ ചില പ്രവര്‍ത്തകര്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗമാണ്.
ഞങ്ങളുടെ സ്വയം സേവകര്‍ക്ക് സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഉറപ്പും നല്‍കുന്നില്ല. സര്‍ക്കാരില്‍ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് ആളുകള്‍ ഞങ്ങളോട് ചോദിക്കുന്നു. ഞങ്ങള്‍ക്ക് സ്വന്തമായുള്ളത് പോലും നഷ്ടപ്പെടേണ്ടി വന്നേക്കാം എന്നതാണ് അവരോടുള്ള എന്റെ ഉത്തരം,” മോഹന്‍ ഭാഗവത് പറഞ്ഞു.
ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അവര്‍ ഇന്ത്യന്‍ മാതൃക അനുകരിക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഭാഗവത് പറയുന്നു.
ഇന്ത്യ ഒരു ലോക ശക്തി ആകണമെന്നില്ല, പക്ഷേ ലോക ഗുരുവാകുമെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു.