ന്യൂദല്‍ഹി: “ഭാരതീയ ഇന്റര്‍നെറ്റ്” ആരംഭിക്കാനുള്ള പദ്ധതികളുമായി ആര്‍.എസ്.എസിന്റെ റിസര്‍ച്ച് ഫോര്‍ റിസര്‍ജന്‍സ് ഫൗണ്ടേഷന്‍. സാങ്കേതികവിദ്യയെ ഭാരതീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന പദ്ധതികളിലൊന്നായാണ് “ഭാരതീയ ഇന്റര്‍നെറ്റി”നെ പരിഗണിക്കുന്നത്.
ആര്‍.എസ്.എസിന്റെ ഭാരതീയ ശിക്ഷണ്‍ മണ്ഡലിന്റെ ഭാഗമാണ് ഫൗണ്ടേഷന്‍. ഇ-മെയില്‍ ഐ.ഡികള്‍, സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവയ്ക്കു പുറമേ “ഭാരതീയ” ഡൊമൈനുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ഇന്റര്‍നെറ്റിലെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ കൂടിയാണ് പുതിയ നീക്കമെന്നാണ് ശിക്ഷണ്‍ മണ്ഡല്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ മുകുള്‍ കനിത്കറിന്റെ അവകാശവാദം. സിസ്‌കോ റൂട്ടറും ചൈനീസ് കണക്ടറും ഉപയോഗിച്ച് ഡാറ്റാ പ്രൈവസി ഉറപ്പുവരുത്താനാകില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
“വിക്കിപീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സെര്‍ച്ചു ചെയ്യുമ്പോള്‍, ആദ്യം ലഭിക്കുന്നത് പാശ്ചാത്യ വീക്ഷണത്തിലുള്ള കണ്ടന്റുകളാണ്. അത് മറ്റു ഭാഷകളിലേക്കും വ്യാപിപ്പിച്ചാല്‍ ഇന്ത്യയിലെ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യതയുള്ള വിവരങ്ങള്‍ ലഭിക്കും” കനിത്കര്‍ വിശദീകരിക്കുന്നു.
ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകുന്ന സ്ഥിതി വരണമെന്നും, “മെയ്ഡ് ഇന്‍ ഇന്ത്യ” സാങ്കേതികത ഉപയോഗിച്ചാലേ ഡാറ്റയ്ക്കു മേല്‍ നമുക്കും അവകാശം കൈവരൂ എന്നും പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.