താടി റോഷൻ എന്ന് വിളിക്കുന്നവർ ആ ചിത്രം കാണണം, അതിൽ എന്റെ മുഖം കോഴിമുട്ട പോലെയാണ്: റോഷൻ മാത്യു
Entertainment
താടി റോഷൻ എന്ന് വിളിക്കുന്നവർ ആ ചിത്രം കാണണം, അതിൽ എന്റെ മുഖം കോഴിമുട്ട പോലെയാണ്: റോഷൻ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2024, 3:38 pm

കുറഞ്ഞ കാലത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ യുവനടനാണ് റോഷന്‍ മാത്യു. റോഷന്റെ നാച്ചുറല്‍ ആക്ടിങ്ങും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും വലിയ പ്രശംസ നേടിയിട്ടുണ്ട്.

നാടകത്തിലൂടെയാണ് റോഷന്‍ സിനിമയിലെത്തുന്നത്. ഇപ്പോഴും തിയേറ്ററില്‍ സജീവമാണ് നടന്‍. റോഷൻ ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച റോഷന്റെ വേറിട്ട ഒരു ചലച്ചിത്രമായിരുന്നു ആണും പെണ്ണും എന്ന ആന്തോളജി ചിത്രം.

എന്നാൽ ആ ചിത്രം അധികം ആരും കണ്ടിട്ടില്ലെന്നും താൻ എപ്പോഴും താടി വളർത്തിയാണ് അഭിനയിക്കാറെന്ന് പരാതിയുള്ളവർ ആ ചിത്രം കാണണമെന്നും റോഷൻ പറയുന്നു. ചിത്രത്തിൽ തന്റെ മുഖം കോഴിമുട്ട പോലെയാണെന്നും റോഷൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു റോഷൻ.

‘നമ്മൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്ന സിനിമകൾ പ്രേക്ഷകർക്ക് കണക്റ്റ് ആവണം. അല്ലെങ്കിൽ അത് ആളുകൾ തിരിച്ചറിയണം. അങ്ങനെ കഴിഞ്ഞാൽ അതൊരു വലിയ ഭാഗ്യമാണ്.

 

അങ്ങനെ ഞാൻ ഒരുപാട് ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിട്ട് എത്താത്ത പോയിട്ടുള്ള എന്റെ ഒത്തിരി സിനിമകളുണ്ട്. ഞാൻ സ്ഥിരം കേൾക്കുന്നതാണ് താടി റോഷൻ എന്ന വിളി.

ഞാൻ താടി എടുക്കാറില്ല എന്നാണ് പൊതുവെ പറയാറ്. ഞാൻ ഇങ്ങനെ ഇരുന്നിട്ട് താടി ഇല്ലാതെ ഞാൻ ചെയ്തിട്ടുള്ള സിനിമകൾ ആലോചിച്ച് നോക്കും. എന്റെ ആ പടങ്ങൾ ഒന്നുമെന്താണ് ആരും കാണാത്തതെന്ന് ഞാൻ ആലോചിക്കും.

പിന്നെ ഓർക്കുമ്പോൾ മനസിലാവും എന്റെ ആ പടങ്ങളൊക്കെയാണ് ആളുകൾ അധികം കാണാത്തതെന്ന്. എല്ലാവരും കാണാണമെന്ന് എനിക്ക് ആഗ്രഹമുള്ള എന്റെ ചിത്രമാണ് ആണും പെണ്ണും. എന്നാൽ ഒരു കോഴിമുട്ട പോലെയാണ് എന്റെ മുഖം അതിനകത്തുള്ളത്,’റോഷൻ പറയുന്നു.

 

Content Highlight: Roshan Mathew Talk About His Getup In Aanum Pennum Movie