മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് വമ്പൻ പ്രതിഫലത്തുകക്കാണ് റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയത്. പ്രതിവർഷം 225 മില്യൺ യൂറോയാണ് താരത്തിന് അൽ നസറിൽ നിന്നും ലഭിക്കുന്ന വരുമാനം.
ജനുവരി ഒന്നിന് ആരംഭിച്ച ട്രാൻസ്ഫർ വിൻഡോയിൽ അൽ നസറിലേക്കെത്തിയ താരം ഇത് വരെ രണ്ട് മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ടെങ്കിലും ഗോളുകളോ അസിസ്റ്റുകളോ നേടാൻ സാധിച്ചിരുന്നില്ല.
എന്നാൽ റൊണാൾഡോയുടെ ജേഴ്സി സൗദിയിലെ ചില ആരാധകർ ചവിട്ടിയരക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇത്തിഹാദ് ആരാധകരാണ് റോണോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടിയതിന് പിന്നിൽ എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ ഇത്തിഹാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ നസറിനെ പരാജയപ്പെടുത്തിയിരുന്നു.
ഇതോടെ നീണ്ട കാലഘട്ടത്തിന് ശേഷം ഒരു ഫൈനൽ കളിക്കാമെന്ന റോണോയുടെ മോഹങ്ങൾ അവസാനിച്ചു.
മത്സരത്തിൽ ഗോളുകളോ അസിസ്റ്റോ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും തന്റെ പഴയ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഡ്രിബിളുകളും, സ്‌കില്ലുകളും കൊണ്ട് ആരാധകരുടെ കയ്യടി നേടാൻ താരത്തിനായി. എന്നാൽ റൊണാൾഡോയുടെ കാലിൽ നിന്നും അനായേസേന ഇത്തിഹാദ് പ്രതിരോധ താരങ്ങൾ പന്ത് റാഞ്ചുന്നതും മത്സരത്തിൽ ഉടനീളം കാണാൻ സാധിച്ചിരുന്നു.
റൊണാൾഡോ കുറച്ചു കൂടി അൽ നസറിൽ ഇഴുകിച്ചേരാനുണ്ടെന്നും ക്ലബ്ബിനായി മികവോടെ കളിക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും അൽ നസർ പരിശീലകൻ റൂഡി ഗാർസ്യ അഭിപ്രായപ്പെട്ടിരുന്നു.
മത്സര ശേഷം റൊണാൾഡോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടിയരച്ചത് കൂടാതെ മത്സരം നടക്കുന്നതിനിടയിൽ ‘മെസി’യുടെ പേര് ചാന്റ് ചെയ്ത് താരത്തിന്റെ ശ്രദ്ധ തിരിക്കാനും ഇത്തിഹാദ് ആരാധകർ ശ്രമിച്ചിരുന്നു.
എന്നാൽ റോണോയുടെ ജേഴ്സി നിലത്തിട്ട് ചവിട്ടിയതിൽ ഇത്തിഹാദ് ആരാധകർക്ക് നേരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. താരം സൗദിയിലേക്ക് വന്നത് രാജ്യത്തിന് തന്നെ അഭിമാന നിമിഷമാണെന്നും അതിനാൽ റൊണാൾഡോയെ അപമാനിക്കുന്ന ഇത്തരം പ്രവർത്തികൾ രാജ്യത്തിന്റെ ശോഭ കെടുത്തുമെന്നാണ് പൊതുവെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് വരുന്ന ഒരു വിമർശനം.
അതേസമയം അൽ നസറിനായി മികച്ച പ്രകടനം ഇതുവരെ കാഴ്ച വെക്കാൻ സാധിച്ചില്ലെങ്കിലും പി.എസ്.ജിക്കെതിരെ റിയാദ് ഇലവനായി മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ച വെച്ചത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാൾഡോയായിരുന്നു മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും.