ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സ് നേടി പുറത്താവുകയായിരുന്നു.
Things went down to the wire in Colombo as the match ends in a tie!
On to the next one.
Scorecard ▶️ https://t.co/4fYsNEzggf#TeamIndia | #SLvIND pic.twitter.com/yzhxoyaaet
— BCCI (@BCCI) August 2, 2024
14 പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് പുറത്താവുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍.ബി.ഡബ്യൂ ആയാണ് താരം മടങ്ങിയത്. ജയിച്ചു എന്നുറപ്പിച്ച മത്സരം സമനിലയില്‍ പിരിഞ്ഞതിന്റെ നിരാശ മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പങ്കുവെച്ചു.
‘ഈ സ്‌കോര്‍ നേടാവുന്നതായിരുന്നു. അവിടെ എത്താനായി ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്യണമായിരുന്നു. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ 14 പന്തില്‍ ഒരു റണ്‍സ് നേടാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. അതിലേക്ക് കൂടുതല്‍ നോക്കേണ്ടതില്ല, തുടക്കത്തില്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഈ മത്സരം നന്നായി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ഞങ്ങള്‍ മത്സരത്തില്‍ മികച്ച രീതിയില്‍ പോരാടി എന്നതില്‍ അഭിമാനിക്കുന്നു. എങ്കിലും ഞങ്ങള്‍ക്ക് ആ ഒരു റണ്‍സ് ലഭിക്കേണ്ടതായിരുന്നു,’ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 57 പന്തില്‍ 33 റണ്‍സ് നേടി അക്‌സര്‍ പട്ടേലും 43 പന്തില്‍ 31 റണ്‍സ് നേടി കെ.എല്‍ രാഹുലും നിര്‍ണായകമായി.
ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചരിത് അസലങ്ക, വാനിന്ദു ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ദുനിത് വെല്ലലഗെ രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടൊ, അഖില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 65 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടിയ ദുനിതിന്റെയും 75 പന്തില്‍ 56 റണ്‍സ് നേടിയ പാത്തും നിസ്സങ്കയുടെയും കരുത്തിലാണ് മാന്യമായ സ്‌കോറിലേക്ക് നീങ്ങിയത്.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.
Content Highlight: Rohit Sharma React on India Have Draw Against Srilanka