ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇരുടീമും ഏറ്റുമുട്ടുമ്പോള്‍ പൊടിപാറുമെന്നത് ഉറപ്പാണ്. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടാണ് ആതിഥേയരായ പാകിസ്ഥാന്‍ തുടങ്ങിയത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പൂര്‍വാധികം ശക്തിയോടെ താരം തിരിച്ചുവരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. മാത്രമല്ല പാകിസ്ഥാനെതിരെ തന്റെ തന്നെ റെക്കോഡ് മറികടക്കാന്‍ രോഹിത്തിന് സാധിക്കും.
പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ആക്ടീവ് ഇന്ത്യന്‍ താരമാണ് രോഹിത്. പാകിസ്ഥാനോട് ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ആക്ടീവ് താരങ്ങളില്‍ കൂടുതല്‍ മത്സരം കളിച്ചവരില്‍ വിരാട് കോഹ്‌ലിയാണ് രണ്ടാമത്.
രോഹിത് ശര്‍മ – 19
വിരാട് കോഹ്‌ലി – 16
ഹര്‍ദിക് പാണ്ഡ്യ – 7
കെ.എല്‍. രാഹുല്‍ – 3
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇതിന് മുമ്പ് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ദുബായില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനായിരുന്നു വിജയം സ്വന്തമാക്കി കിരീടമണിഞ്ഞത്. ശേഷം 2021 ടി-20 ലോകകപ്പിലും പാകിസ്ഥാന്‍ ദുബായില്‍ ഇന്ത്യയെ തളച്ചു. ദുബായില്‍ ആധിപത്യം ഉറപ്പിക്കാന്‍ പാകിസ്ഥാനിറങ്ങുമ്പോള്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കി നഷ്ടപ്പെട്ട കിരീടം നേടിയെടുക്കാനാണ് ലക്ഷ്യം വെക്കുന്നത്.
Content Highlight: Rohit Sharma is the active Indian player who has played the most international matches against Pakistan