ടോസ് ജയിച്ചു; എന്ത് ചെയ്യണമെന്നറിയാതെ രോഹിത്; കാത്തിരിപ്പിന് ശേഷം തീരുമാനം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; വീഡിയോ
Sports News
ടോസ് ജയിച്ചു; എന്ത് ചെയ്യണമെന്നറിയാതെ രോഹിത്; കാത്തിരിപ്പിന് ശേഷം തീരുമാനം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st January 2023, 2:13 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. റായ്പൂരിലെ വീര്‍ ഷഹീദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസിനിടയിലെ രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടോസ് ജയിച്ച ശേഷം എന്ത് തെരഞ്ഞെടുക്കണമെന്ന് കഷ്ടപ്പെട്ട് ആലോചിച്ചെടുക്കുന്ന രോഹിത്താണ് താരമായിരിക്കുന്നത്.

ടോസ് വിജയിച്ച ശേഷം ഏറെ നേരം ആലോചിച്ച ശേഷമാണ് ബൗള്‍ ചെയ്യാമെന്ന തീരുമാനമെടുത്തത്. ഡ്രസ്സിങ് റൂമില്‍ ടോസിനെ സംബന്ധിച്ച ചര്‍ച്ചകള്‍ താന്‍ മറന്നുപോയെന്നായിരുന്നു രോഹിത് പറഞ്ഞത്.

‘എന്ത് തെരഞ്ഞെടുക്കണമെന്ന കാര്യം ഞാന്‍ മറന്നുപോയി. ടോസിനെ സംബന്ധിച്ച് ടീമുമായി ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങളെ സ്വയം ചലഞ്ച് ചെയ്യാന്‍ ഞങ്ങള്‍ കഴിഞ്ഞ മത്സരത്തില്‍ ബാറ്റ് ചെയ്തു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് ബൗള്‍ ചെയ്യണം,’ ടോസിന് ശേഷം രോഹിത് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.

 

കഴിഞ്ഞ മത്സരത്തിലെ അതേ സ്‌ക്വാഡിനെ തന്നെയാണ് ഇരു ടീമും രണ്ടാം മത്സരത്തിലും കളത്തിലിറക്കിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍:

ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാഥം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഹെന്റി ഷിപ്‌ലി ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്‌നര്‍.

 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം പിടിച്ചടക്കിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് മികവിലുമായിരുന്നു ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.

ഒരു ഘട്ടത്തില്‍ മിച്ചല്‍ ബ്രേസ്വെല്ലിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് വിജയത്തിലേക്ക് പറന്നടുക്കുമെന്ന് തോന്നിച്ചെങ്കിലും അതിന് സമ്മതിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ പിടിച്ചുകെട്ടുകയായിരുന്നു.

 

 

Content Highlight: Rohit Sharma forgets what to choose after winning the toss