കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും അത് വളരെ കൃത്യമായി തന്നെ ഡിഫന്‍ഡ് ചെയ്യുകയുമായിരുന്നു.
സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇരു ടീമും സമ്മാനിച്ചത്. ബൗണ്ടറിയും സിക്‌സറും ക്ലാസിക് ഷോട്ടുകളുമായി ബാറ്റര്‍മാര്‍ കളം നിറഞ്ഞാടി.
രണ്ട് സെഞ്ച്വറികളാണ് കഴിഞ്ഞ ദിവസം ബര്‍സാപരയില്‍ പിറന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയുമായിരുന്നു കഴിഞ്ഞ മത്സത്തില്‍ സെഞ്ച്വറി തികച്ചത്.
ദാസുന്‍ ഷണകയെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു. ഷണകക്കെതിരെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ റണ്‍ ഔട്ട് അപ്പീല്‍ പിന്‍വലിച്ചാണ് രോഹിത് കയ്യടി നേടിയത്.
വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കവെയായിരുന്നു മുഹമ്മദ് ഷമി ഷണകയെ റണ്‍ ഔട്ടാക്കിയത്. എന്നാല്‍ രോഹിത് ശര്‍മയുടെ നിര്‍ദേശ പ്രകാരം അമ്പയര്‍ ഷണകയെ ബാറ്റിങ് തുടരാന്‍ അനുവദിക്കുകയായിരുന്നു. ശേഷം ഷണക സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ലങ്കന്‍ നിരയിലെ ടോപ് സ്‌കോററാവുകയും ചെയ്തു.
എന്തുകൊണ്ട് താന്‍ ആ റണ്‍ ഔട്ട് അപ്പീല്‍ പിന്‍വലിച്ചെതെന്ന് പറയുകയാണ് രോഹിത്. പോസ്റ്റ് മാച്ച് പ്രസന്റേഷന്‍ ചടങ്ങില്‍ വെച്ചായിരുന്നു രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഷമി ലങ്കന്‍ ക്യാപ്റ്റനെ മന്‍കാദ് ചെയ്യുമെന്ന് എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല. അദ്ദേഹം 98ല്‍ ബാറ്റിങ് തുടരുമ്പോഴായിരുന്നു ഷമി അദ്ദേഹത്തെ മന്‍കാദ് ചെയ്തത്. ഇത്തരത്തിലായിരുന്നില്ല ഷണകയെ പുറത്താക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് അവന്റെ വിക്കറ്റ് ശരിയായ രീതിയില്‍ തന്നെ വേണമായിരുന്നു. സെഞ്ച്വറി നേടിയതിന് അഭിനന്ദനങ്ങള്‍,’ രോഹിത് ശര്‍മ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കുറിച്ചും രോഹിത് സംസാരിച്ചു.
‘മികച്ച രീതിയിലാണ് ബാറ്റര്‍മാര്‍ കളിക്കുകയും മാച്ച് വിന്നിങ് ടോട്ടലിലേക്ക് എത്തിക്കുകയും ചെയ്തത്. ഒരു യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ നല്ല രീതിയില്‍ പന്തെറിയുകയും ചെയ്തു. ഇത്തരത്തില്‍ ഒരു മാച്ച് ജയിക്കണമെങ്കില്‍ അതിലേക്ക് എല്ലാവരും മികച്ച രീതിയില്‍ സംഭാവന ചെയ്യണം. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ മെച്ചപ്പെടുത്തേണ്ട ഏരിയകളും ഉണ്ട്,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 377 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. വിരാടിന്റെ സെഞ്ച്വറിയും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.