23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ചരിത്രനേട്ടത്തിൽ മൂന്നാമൻ രോഹിത്
Cricket
23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ചരിത്രനേട്ടത്തിൽ മൂന്നാമൻ രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th February 2024, 5:06 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ചെസിങ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ നാലാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. രണ്ട് തവണയാണ് ഗാംഗുലി ഈ നേട്ടം സ്വന്തമാക്കിയത്. 2001ല്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പുറത്താവാതെ 98 റണ്‍സും 2000ത്തില്‍ സിംബാബ്വെക്കെതിരെ നടന്ന മത്സരത്തില്‍ പുറത്താവാതെ 65 റണ്‍സും നേടിയാണ് ഗാംഗുലി ഈ നേട്ടം സ്വന്തമാക്കിയത്.

ആദ്യമായി ഈ നേട്ടത്തില്‍ എത്തിയത് മന്‍സൂര്‍ പറ്റൗഡി ആയിരുന്നു. 1964ല്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. 53 റണ്‍സായിരുന്നു മന്‍സൂര്‍ ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത്.

മത്സരത്തില്‍ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. 81 പന്തില്‍ 55 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രോഹിത്തിന് പുറമെ യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്‌സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രൂവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍ മൂന്ന് വിക്കറ്റും ജോ റൂട്ട്, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

15.5 ഓവറില്‍ 51 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് കുല്‍ദീപ് യാദവ് 15 ഓവറില്‍ രണ്ട് മെയ്ഡന്‍ 22 റണ്‍സ് വിട്ടുനല്‍കിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ ആയിരുന്നു ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത്.

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാലയിലാണ് മത്സരം നടക്കുക.

Content Highlight: Rohit Sharma create a newe record after the win against England in test