ഇതാണ് 'ഹിറ്റ്മാന്‍ പവര്‍'; ഒറ്റ ക്യാച്ചിൽ രോഹിത് നേടിയത് ലോകറെക്കോഡ്
Cricket
ഇതാണ് 'ഹിറ്റ്മാന്‍ പവര്‍'; ഒറ്റ ക്യാച്ചിൽ രോഹിത് നേടിയത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 3:11 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ധര്‍മശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 57.4 ഓവറില്‍ 218 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 50ാം ഓവറില്‍ ആയിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്.

ആര്‍.അശ്വിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്നും താരം ക്യാച്ച് നേടുകയായിരുന്നു. ഇംഗ്ലീഷ് താരം ടോം ഹാര്‍ട്‌ലി ഒമ്പത് പന്തില്‍ ആറ് റണ്‍സ് നേടിക്കൊണ്ടായിരുന്നു പുറത്തായത്.

ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 60+ ക്യാച്ചുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റുകളിലും 60+ ക്യാച്ചുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തില്‍ 262 മത്സരങ്ങളില്‍ നിന്നും 93 ക്യാച്ചുകളും ടി-20യില്‍ 151 മത്സരങ്ങളില്‍ നിന്നും 60 ക്യാച്ചുകളുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 15 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 72 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആര്‍.അശ്വിന്‍ നാല് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സാക്ക് ക്രോളി നടത്തിയത്. 108 പന്തില്‍ 79 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

11 ഫോറുകളും ഒരു സിക്സുമാണ് ക്രോളിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ക്രോളിക്ക് പുറമെ ജോണി ബെയര്‍‌സ്റ്റോ 18 പന്തില്‍ 29 റണ്‍സും ബെന്‍ ഡക്കെറ്റ് 58 പന്തില്‍ 27 റണ്‍സും ജോ റൂട്ട് 56 പന്തില്‍ 26 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.

Content Highlight: Rohit Sharma create a historical record