ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ ലീഡിന്റെ തൊട്ടടുക്കല്‍ എത്തിയിരിക്കുകയാണ്.
രണ്ടാം ദിവസം ലഞ്ചിന് പിരിയവെ വെറും നാല് റണ്‍സിന് മാത്രമാണ് പിന്നില്‍ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറി തികച്ചാണ് ബാറ്റിങ് തുടരുന്നത്.
A solid morning session for #TeamIndia with 146/0 at Lunch on Day 2.
ഇതിനൊപ്പം കരിയറിലെ ഒരു സുപ്രധാന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ 3,500 റണ്‍സ് എന്ന മൈല്‍ സ്‌റ്റോണാണ് പിന്നിട്ടാണ് രോഹിത് ഈ ടെസ്റ്റ് അവിസ്മരണീയമാക്കിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന 20ാമത് താരമാണ് രോഹിത് ശര്‍മ.
ഇതിന് പുറമെ പല തകര്‍പ്പന്‍ നേട്ടങ്ങളും രോഹിത് ശര്‍മ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിരുന്നു. വിന്‍ഡീസിനെതിരെ അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് രോഹിത്തിനെ തേടി റെക്കോഡുകളെത്തിയത്. ഓപ്പണറുടെ റോളില്‍ ഇന്ത്യക്കായി ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് രോഹിത് കരുത്ത് കാട്ടിയത്.
രോഹിത്തിന്റെ 102ാമത് 50+ സ്‌കോറാണിത്. ഇതോടെ മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സേവാഗ്, ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍ എന്നിവരെയടക്കം മറികടക്കാനും രോഹിത് ശര്‍മക്കായി.
ഏറെ നാളുകള്‍ക്ക് ശേഷം ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. അരങ്ങേറ്റക്കാരനായ യശസ്വി ജെയ്‌സ്വാളിനെ കൂട്ടുപിടിച്ചാണ് താരം ഒന്നാം വിക്കറ്റില്‍ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത്.
13 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. 2021 ഡിസംബറില്‍ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ കെ.എല്‍. രാഹുല്‍ – മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ടിലാണ് അവസാനമായി ഇന്ത്യ ആദ്യ വിക്കറ്റില്‍ സെഞ്ച്വറി നേടിയത്.
അതേസമയം, ലഞ്ചിന് ശേഷവും തകര്‍ത്തടിച്ച രോഹിത് – ജെയ്‌സ്വാള്‍ സഖ്യം ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തിരിക്കുകയാണ്. നിലവില്‍ 61 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 167 റണ്‍സ് നേടിയ ഇന്ത്യ 17 റണ്‍സിന്റെ ലീഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.