സെഞ്ച്വറിയില്ല എന്ന് പറഞ്ഞവരോടാണ്, ഡബിള്‍ സെഞ്ച്വറിയടിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്; ഇന്ത്യ കുതിക്കുന്നു
Sports News
സെഞ്ച്വറിയില്ല എന്ന് പറഞ്ഞവരോടാണ്, ഡബിള്‍ സെഞ്ച്വറിയടിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്; ഇന്ത്യ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th July 2023, 9:24 am

 

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ പരമ്പരക്കാണ് ഇന്ത്യ വിന്‍ഡീസിലേക്ക് പറന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതിലെ ആദ്യ മത്സരം ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ തുടരുകയാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ 150 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ നിലവില്‍ 162 റണ്‍സിന്റെ ലീഡും സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ലീഡ് നേടിയത്.

ആദ്യ വിക്കറ്റില്‍ 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 76ാം ഓവറിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി വിന്‍ഡീസിനായ അരങ്ങേറിയ അലിക് അത്തനാസെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 221 പന്തില്‍ 103 റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ ജോഷ്വാ ഡ സില്‍വക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എന്നാല്‍ പുറത്താകുന്നതിന് മുമ്പ് ഒരു തകര്‍പ്പന്‍ റെക്കോഡ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോഡാണ് രോഹിത്തും ജെയ്‌സ്വാളും ചേര്‍ന്ന് സ്വന്തമാക്കിയത്.

ഇതിന് പുറമെ മറ്റൊരു ‘നേട്ടവും’ രോഹിത്തും ജെയ്‌സ്വാളും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. ഏറെ നാളായി ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിരുന്നില്ല എന്ന വിമര്‍ശനമാണ് രോഹിത്തും ജെയ്‌സ്വാളും കഴിഞ്ഞ ദിവസം ഡൊമനിക്കയില്‍ തിരുത്തിക്കുറിച്ചത്.

കഴിഞ്ഞ 13 ടെസ്റ്റുകളിലായി ആദ്യ ഇന്നിങ്‌സിലോ രണ്ടാം ഇന്നിങ്‌സിലോ ഇന്ത്യക്ക് ഓപ്പണിങ് കൂട്ടുകെട്ടില്‍ സെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഓപ്പണിങ്ങില്‍ പല കോമ്പിനേഷനുകളും പരീക്ഷിച്ചെങ്കിലും സ്ഥിരതയില്ലായ്മ ഓപ്പണിങ് പെയറിനെ വേട്ടയാടി.

ഇതിന് മുമ്പ് 2021 ഡിസംബറിലാണ് ഇന്ത്യക്ക് അവസാനമായി ആദ്യ വിക്കറ്റില്‍ ട്രിപ്പിള്‍ ഡിജിറ്റ് നേടാന്‍ സാധിച്ചത്. അന്ന് കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളുമാണ് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

116 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 123 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ അഗര്‍വാളിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ലുങ്കി എന്‍ഗിഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്. അതിന് ശേഷം 2023ലാണ് ആദ്യ വിക്കറ്റില്‍ മറ്റൊരു ടണ്‍ പാര്‍ട്ണര്‍ഷിപ്പ് പിറവിയെടുക്കുന്നത്.

അതേസമയം, രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ 113 ഓവറില്‍ 312 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 143 റണ്‍സ് നേടിയ ജെയ്‌സ്വാളും 96 പന്തില്‍ 36 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍ തുടരുന്നത്.

 

Content Highlight: Rohit Sharma and Yashasvi Jaiswal have the highest opening partnership against West Indies