ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുരുഷ താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ട ജസ്പ്രീത് ബുംറ, അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.
ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ചതിന് പിന്നാലെയാണ് രോഹിത് ശര്‍മ പട്ടികയുടെ ഭാഗമായത്. ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായാണ് രോഹിത് ഫിനിഷ് ചെയ്തത്. 36.71 ശരാശരിയിലും 156.7 സ്‌ട്രൈക്ക് റേറ്റിലും 257 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്.
സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയക്കെതിരെ 41 പന്തില്‍ നേടിയ 91 റണ്‍സാണ് ടൂര്‍ണമെന്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. നിര്‍ണായക സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തപ്പോള്‍ 39പന്തില്‍ 57 റണ്‍സ് നേടി ടീമിന്റെ ടോട്ടലില്‍ നിര്‍ണായകമായതും രോഹിത് തന്നെയായിരുന്നു.
ലോകകപ്പിന്റെ താരമായാണ് ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദി മന്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യക്ക് ഏത് ഫോര്‍മാറ്റിലും ആശ്രയിക്കാവുന്ന താരമായ ജസ്പ്രീത് ഈ ലോകകപ്പിലും തന്റെ മികവ് വ്യക്തമാക്കിയിരുന്നു.
എട്ട് മത്സരത്തില്‍ നിന്നും 15 വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. 8.26 ശരാശരിയിലും 4.17 എന്ന മികച്ച എക്കോണമിയിലുമാണ് ബൂം ബൂം ലോകകപ്പില്‍ പന്തെറിഞ്ഞത്.
ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായാണ് റഹ്‌മാനുള്ള ഗുര്‍ബാസ് ജൂണ്‍ മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരമാകാന്‍ ഒരുങ്ങുന്നത്. 35.12 എന്ന ശരാശരിയിലും 124.33 എന്ന സ്‌ട്രൈക്ക് റേറ്റിലും 281 റണ്‍സാണ് താരം നേടിയത്. അഫ്ഗാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു താരം ലോകകപ്പ് റണ്‍ വേട്ടക്കാരില്‍ ഒന്നാമനാകുന്നത്.
വിജയിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് പ്രക്രിയയില്‍ വോട്ടിങ് അക്കാദമി അവരുടെ വോട്ടുകള്‍ ഇ. മെയിലൂടെ സമര്‍പ്പിക്കും. വോട്ടിങ്ങിന്റെ 90 ശതമാനവും ഇവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഐ.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ക്കാണ് ശേഷിക്കുന്ന പത്ത് ശതമാനം വോട്ടുകള്‍ക്കുള്ള അവകാശം. ഐ.സി.സി വെബ്‌സൈറ്റിലൂടെയാണ് ഈ വേട്ടുകള്‍ രേഖപ്പെടുത്തുക.
പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, മുന്‍ താരങ്ങള്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ്, ഐ.സി.സി ഹോള്‍ ഓഫ് ഫെയ്‌മേഴ്‌സ് എന്നിവരാണ് വോട്ടിങ് അക്കാദമിയിലുള്ളത്.
അതേസമയം, പ്ലെയര്‍ ഓഫ് ദി മന്തിനുള്ള വനിതാ താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ മികച്ച പ്രകടനമാണ് മന്ഥാനയെ ചുരുക്കപ്പട്ടികയിലെത്തിച്ചത്.
മന്ഥാനക്ക് പുറമെ ശ്രീലങ്കയുടെ വംശി ഗുണരത്‌നെയും ഇംഗ്ലണ്ടിന്റെ മയ ബൗച്ചറുമാണ് ചുരുക്കപ്പട്ടികയിലെ മറ്റ് താരങ്ങള്‍