ഉടൻ കണ്ടുമുട്ടാമെന്ന് ഇന്ത്യൻ ലെജന്റിനോട് റോജർ ഫെഡറർ
DSport
ഉടൻ കണ്ടുമുട്ടാമെന്ന് ഇന്ത്യൻ ലെജന്റിനോട് റോജർ ഫെഡറർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th September 2022, 9:05 pm

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ കരിയറിന് തിരശ്ശീലയിടുന്ന കാഴ്ച നടുക്കത്തോടെയാണ് കായിക പ്രേമികൾ കണ്ടു നിന്നത്. താരത്തിന്റെ റിട്ടയർമെന്റ് ജീവിതത്തിന് ആശംസകൾ നേർന്ന് കായിക ലോകത്തിന് അകത്തും പുറത്തുമുള്ള നിരവധി ആരാധകർ രംഗത്ത് വന്നിരുന്നു.

ഫെഡററുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും സോഷ്യൽ മീഡിയയിൽ ആശംസ വീഡിയോ പങ്കുവെച്ചിരുന്നു. ആശംസ അറിയിച്ചതിന് കോഹ്‌ലിക്ക് നന്ദിയറിയിച്ചിരിക്കുകയാണ് ഫെഡറർ ഇപ്പോൾ.

എ.ടി.പി. തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018 ഓസ്ട്രേലിയൻ ഓപ്പണിൽ വെച്ച് ഫെഡററെ പരിചയപ്പെടാൻ സാധിച്ചതടക്കമുള്ള മനോഹര നിമിഷങ്ങളാണ് കോഹ്‌ലി വീഡിയോയിൽ പങ്കുവെച്ചത്.

‘ഇങ്ങനെ ഒരു സന്ദേശം താങ്കൾക്ക് അയക്കാൻ കഴിയുന്നത് അഭിമാനകരമാണ്. മനോഹരമായ ധാരാളം ഓർമകളും നിമിഷങ്ങളും സമ്മാനിച്ച ഐതിഹാസികമായ കരിയറാണ് താങ്കളുടേത്. 2018 ഓസ്‌ട്രേലിയൻ ഓപ്പണിനിടെ താങ്കളെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ആ മനോഹര നിമിഷങ്ങൾ ഞാനൊരിക്കലും മറക്കില്ല. ടെന്നീസ് ലോകത്തുള്ളവർ മാത്രമല്ല, അതിന് പുറത്തുള്ള ധാരാളം ആളുകളും താങ്കളെ ആരാധിക്കുന്നവരാണ്. ലോകത്തിൽ അപൂർവ്വം കായിക താരങ്ങൾക്ക് മാത്രം സിദ്ധിക്കുന്ന ഭാഗ്യമാണത്.

കളിക്കളത്തിലായിരിക്കുമ്പോൾ കേളീമികവിന്റെയും അനുപമമായ വ്യക്തിത്വത്തിന്റെയും പ്രഭാവലയമാണ് ഞങ്ങൾക്ക് താങ്കളിൽ കാണാൻ സാധിച്ചത്. എക്കാലത്തെയും പ്രിയപ്പെട്ട കായിക താരമായാണ് ഞാൻ താങ്കളെ കാണുന്നത്. താങ്കളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടവും ആസ്വാദ്യകരവും വിജയകരവുമായിരിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു,’ കോഹ്‌ലി വീഡിയോയിൽ പറഞ്ഞു.

ഹൃദയസ്പർശിയായ വീഡിയോ സന്ദേശത്തിന് ഫെഡറർ കോഹ്‌ലിക്ക് നന്ദി പറയുന്നതിനോടൊപ്പം ഉടൻ നേരിൽ കാണാമെന്ന് അറിയിക്കുകയുമായിരുന്നു.

20 ഗ്രാൻഡ്സ്ലാം അടക്കം 103 കിരീടങ്ങൾ നേടിക്കൊണ്ടാണ് ഫെഡറർ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ലേവർ കപ്പിലൂടെയാണ് സ്വിസ് ഇതിഹാസം വിടവാങ്ങിയത്. മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഡബിൾസ് പോരാട്ടത്തിനായി ഇറങ്ങിയ ഫെഡറർ തോൽവിയോടെയാണ് കളം വിട്ടത്.

Content Highlights: Roger Federer’s gratitude message for Virat Kohli

Also Read