ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടേയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. മനോരമ ചാനലിലെ മറിമായത്തിലൂടെയാണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടുന്നത്. അളിയന്‍ vs അളിയന്‍ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് നേടാനും മഞ്ജുവിന് കഴിഞ്ഞു.
ലോഹിതദാസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചക്രം എന്ന ചിത്രമാണ് മഞ്ജുവിന്റെ ആദ്യ സിനിമ. ആദ്യ ചിത്രത്തില്‍ നായികയായ മീര ജാസ്മിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്. ചക്രത്തിന് ശേഷം മീര ജാസ്മിനെ കാണുന്നത് ക്വീന്‍ എലിസബത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്നും വളരെ നല്ല കുട്ടിയാണ് മീരയെന്നും മഞ്ജു പറയുന്നു.
മീര നല്ലൊരു കേള്‍വിക്കാരിയാണെന്നും താന്‍ പറയുന്നതെല്ലാം എത്രനേരം വേണമെങ്കിലും കേട്ടിരിക്കുമെന്നും മഞ്ജു പറഞ്ഞു. തന്റെ വിഷമങ്ങള്‍ പറയുമ്പോള്‍ മീര ആശ്വസിപ്പിക്കാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പത്രോസ്.
‘ഞാന്‍ ചക്രം എന്ന സിനിമയില്‍ ചെറുപ്പത്തില്‍ അഭിനയിച്ചിരുന്നു. മീര ജാസ്മിനായിരുന്നു അതില്‍ നായിക. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്ത് എന്ന സിനിമയില്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. എനിക്ക് മീരയെ അറിയാം. പക്ഷെ മീരക്ക് എന്നെ അറിയില്ല. കാരണം ഞാന്‍ ഒരുപാട് മാറിയല്ലോ, രൂപം തന്നെ മാറി.
ഷൂട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ മീരയുടെ അടുത്ത് പോയി നമ്മള്‍ ചക്രം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ആണോ എന്ന് അത്ഭുതപ്പെട്ട് മീര ചോദിച്ചു. വളരെ നല്ല കുട്ടിയാണ് അവള്‍. ഞങ്ങള്‍ രണ്ടുപേരും സമപ്രായക്കാരുമാണ്. സാധാരണ സംസാരിക്കാനായിരിക്കും കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം, കേള്‍വിക്കാരാകാന്‍ ഇഷ്ടമല്ല.
എന്നാല്‍ മീര നമ്മള്‍ പറയുന്നതെല്ലാം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും. പിന്നെ എന്നെ ആശ്വസിപ്പിച്ചിട്ടെല്ലാം ഉണ്ട്. എല്ലാം ശരിയാകും, ഒരിക്കല്‍ ഞാന്‍ വീട്ടിലേക്ക് വരാം എന്നെല്ലാം പറയും. വളരെ നല്ല കുട്ടിയാണ് മീര,’ മഞ്ജു പത്രോസ് പറയുന്നു.
Content Highlight: Manju Pathrose Talks About Meera Jasmin