Kerala News
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചേലക്കര അന്തിമഹാകാളന്‍കാവ് വേലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Tuesday, 25th March 2025, 12:32 pm

പാലക്കാട്: വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചേലക്കര അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി പുലാക്കോട് മണ്ഡലം പ്രസിഡന്റ് കൂടിയായ പങ്ങാരപ്പള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി.ഗിരീഷിനെയാണ് അറസ്റ്റ് ചെയ്തത്.

വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അന്തിമഹാകാളന്‍കാവ് വേലയ്ക്കും വെടിക്കെട്ടിനുമെതിരെ വിദ്വേഷപരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പങ്ങാരപ്പള്ളി ദേശക്കാരന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്.

ഗ്രൂപ്പില്‍ മറ്റൊരു പേരിലായിരുന്നു ഗിരീഷ് വേലയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജ പേര് ഗിരീഷിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചേലക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പായിരുന്നു ചേലക്കര അന്തിമഹാകാളന്‍ കാവിലെ വേല.

Content Highlight: BJP constituency president arrested for making hateful remarks against Chelakkara Anthimahakalankavu Vela through WhatsApp group