Entertainment
മുടക്കുമുതൽ നഷ്ടം വരാതെ ആൻ്റണിക്ക് തിരിച്ചുകിട്ടുമെന്ന വിശ്വാസം അവനുണ്ട്: മല്ലിക സുകുമാരൻ

എമ്പുരാനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമ മുടക്കുമുതൽ നഷ്ടം വരാതെ തിരിച്ചു പിടിക്കുമെന്നും പൃഥ്വിരാജിന് അക്കാര്യത്തിൽ നല്ല പ്ലാനിങ്ങാണെന്നും വിശ്വാസമുണ്ടെന്നും പറയുകയാണ് മല്ലിക സുകുമാരൻ. ഏറ്റവും വലിയ ഉപകാരം ചെയ്തത് ഗോകുലം ഗോപാലൻ ആണെന്നും, ലൂസിഫറും മോഹൻലാലിനും ആൻ്റണിക്കും പൃഥ്വിയെക്കുറിച്ചുള്ള അഭിപ്രായങ്ങളുമൊക്കെ പ്ലസ് പോയിൻ്റാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മലയാള സിനിമയ്ക്ക് മാറ്റവും പ്രശസ്തിയും കൊണ്ട് വരാൻ ആശിർവാദ് സിനിമാസിനും മോഹൻലാലിലും പൃഥ്വിരാജിനും കഴിയട്ടെ എന്നും മല്ലിക കൂട്ടിച്ചേർത്തു.

മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറഞ്ഞത്.

‘മലയാള സിനിമ സ്ഥിരമായിട്ട് കാണാത്തവർ പോലും എമ്പുരാൻ എന്ന് പറഞ്ഞ മലയാള സിനിമ വരുന്നുണ്ടെന്നും പൃഥ്വിരാജാണ് ഡയറക്ടർ മോഹൻലാൽ എന്ന ഗ്രേറ്റ് ഹീറോയാണ് നായകൻ എന്ന് പറയുന്നുണ്ട്. അപ്പോൾ അത്രത്തോളം റീച്ച് റിലീസിന് മുമ്പ് തന്നെ ഈ പടത്തിൻ്റെ കിട്ടിയത് കൊണ്ടാണ്.

മലയാള സിനിമയ്ക്ക് അത്തരത്തിലുള്ള മാറ്റവും പ്രശസ്തിയും പേരുമെല്ലാം കൊണ്ടുവരാൻ ആശിർവാദ് സിനിമാസിനും മോഹൻലാലിനും പൃഥ്വിരാജിനും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

രാജു ഒരു പടം പ്ലാൻ ചെയ്യുമ്പോൾ തന്നെ കൈനഷ്ടം വരാതെ കൊണ്ടുവരാൻ കഴിയുമെന്ന് അവന് വിശ്വാസമുണ്ട്. അത്രയ്ക്ക് പ്ലാൻ ചെയ്താണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ആൻ്റണിയും പൃഥ്വിയും മോഹൻലാലും കമ്പനിയുമടക്കമുള്ള എല്ലാവരും ഒന്നിച്ചിരുന്ന് പ്ലാൻ ചെയ്യുന്നതാണ് എല്ലാം.

ഏറ്റവും വലിയ ഉപകാരം ചെയ്തത് ഗോകുലം ഗോപാലൻ ആണ്. ആ ഒരു കൂട്ടായ്മയിലൂടെ അവന് കിട്ടുന്ന കോൺഫിഡൻസ് ഉണ്ട്. സിനിമയുടെ ഡയറക്ടർ ഒരു കൊച്ചുപയ്യനാ എന്ന് തോന്നിച്ചില്ലല്ലോ ആർക്കും. അതിൻ്റെ കാര്യം ലൂസിഫർ, പിന്നെ മോഹൻലാലിനും, ആൻ്റണിക്കും അവനെക്കുറിച്ചുള്ള അഭിപ്രായങ്ങളുമാണ്. ഇതൊക്കെ വലിയ പ്ലസ് പോയിൻ്റ്സാണ് രാജുവിന്.

ആ ബഡ്ജറ്റ് കൈ നനയാതെ അല്ലെങ്കിൽ നഷ്ടം വരാതെ ആൻ്റണിക്ക് തിരിച്ചുകിട്ടുമെന്ന വിശ്വാസം രാജുവിനുണ്ട്. ആ വിശ്വാസം എനിക്കുമുണ്ട്,’ മല്ലിക സുകുമാരൻ പറഞ്ഞു.

Content Highlight: Mallika Sukumaran Says that Raju have confident that Antony will get his money back without any loss