ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രം നായകനാകുന്ന ചിത്രത്തില്‍ എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ധീര വീര സൂര്യന്‍.
വീര ധീര സൂരന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകയിലെത്തും. തനിക്ക് തമിഴ് അറിയില്ലായിരുന്നുവെന്നും എന്നാല്‍ സംവിധായകന്‍ അടക്കമുള്ളവര്‍ തന്നെ തമിഴ് പഠിക്കാന്‍ സഹായിച്ചുവെന്ന് സുരാജ് പറയുന്നു. താന്‍ എസ്.ജെ സൂര്യയുടെ വലിയ ആരാധകനാണെന്നും സുരാജ് പറഞ്ഞു.
നടന്‍ വിക്രം മലയാളികളുടെ സ്വത്താണെന്നും അദ്ദേഹത്തിന്റെ ഓരോ വളര്‍ച്ചയിലും മലയാളികള്‍ അഭിമാനിക്കുന്നുണ്ടെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കാനറിയാത്ത എനിക്ക് തമിഴ് സിനിമയുടെ സെറ്റില്‍ പോയപ്പോള്‍ ആദ്യ ദിവസം തന്നെ സിംഗിള്‍ ഷോട്ട്. അതും കൂടെ വലിയൊരു ഡയലോഗും. സിനിമയിലെ എന്റെ മുഴുവന്‍ ഡയലോഗായിരിക്കും അതെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ എന്റെ ആ ഷോട്ടിലെ മാത്രം ഡയലോഗായിരുന്നു അത്. എനിക്ക് മാത്രമേ അറിയൂ അത് എന്തൊക്കെ കഷ്ടപെട്ടിട്ടാണ് ഞാന്‍ ചെയ്തുതീര്‍ത്തതെന്ന്.
തമിഴ് സംസാരിക്കാന്‍ എല്ലാവരും എന്നെ വലിയ രീതിയില്‍ സപ്പോര്‍ട്ട്‌ചെയ്തു. എല്ലാവരും തമിഴ് സംസാരിക്കാന്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. അത് നന്നായി വന്നിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനാണ്. എന്നോട് ഇപ്പോഴും അദ്ദേഹം തമിഴില്‍ സംസാരിച്ചുകൊണ്ടിരിക്കും.
പിന്നെ എസ്. ജെ. സൂര്യ സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. നമ്മളെല്ലാം അദ്ദേഹത്തിന്റെ സിനിമകള്‍ തമിഴില്‍ തന്നെ കണ്ടിട്ടുണ്ടാകും. പിന്നെ വിക്രം സാര്‍, അദ്ദേഹം മലയാളികളുടെ ഒരു സ്വത്താണ്. അദ്ദേഹത്തിന്റെ ഓരോ വളര്‍ച്ചയിലും നമ്മള്‍ മലയാളികള്‍ അഭിമാനിക്കുന്നുണ്ട്. അന്യന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെത്തന്നെ ഇന്ത്യയിലുള്ള എല്ലാ പ്രേക്ഷകരുടെയും ഹൃദയം പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. ഇവരോടൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കാണുന്നു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu talks about Vikram