മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനുമായ ഗൗതം ഗംഭീറിനെ പുകഴ്ത്തി മുന്‍ താരം യോഗ്‌രാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് ഗൗതം ഗംഭീറെന്നും അദ്ദേഹത്തെ പോലെ മറ്റൊരാള്‍ ഉണ്ടാകില്ലെന്നും യോഗ് രാജ് സിങ് അഭിപ്രായപ്പെട്ടു.
തരുവര്‍ കോഹ്‌ലിയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഗൗതം ഗംഭീര്‍ ഒരു മികച്ച മനുഷ്യനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം അദ്ദേഹമാണെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്ക് ഇതുപോലെ മറ്റൊരാളെ ലഭിക്കില്ല.
നിങ്ങള്‍ എപ്പോള്‍ മികച്ച കാര്യങ്ങള്‍ ചെയ്യുന്നുവോ, അപ്പോള്‍ നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. എന്നാല്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ വിമര്‍ശനങ്ങള്‍ നിങ്ങളെ തേടിയെത്തും,’ യോഗ്‌രാജ് സിങ് പറഞ്ഞു.
ഗംഭീര്‍ ഒരു മികച്ച പരിശീലകനാണെന്നും യുവരാജ് സിങ്ങിന്റെ പിതാവ് കൂടിയായ യോഗ് രാജ് സിങ് പറഞ്ഞു.
‘അവന്റെ പേരില്‍ ഇനിയും വിജയങ്ങള്‍ കുറിക്കപ്പെടും, പക്ഷേ നിങ്ങള്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കണം. ഗംഭീര്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും പുറത്താക്കിയില്ല, പകരം രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ പറഞ്ഞു.
എല്ലാ താരങ്ങളും ഇന്ത്യയിലെ റെഡ്-ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കണം. ഒരു വലിയ താരമായിക്കഴിഞ്ഞാല്‍, നിങ്ങള്‍ വിശ്രമിക്കാന്‍ തുടങ്ങും. നിങ്ങള്‍ വിരമിക്കുന്നതുവരെ അത് സംഭവിക്കരുത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 42 വയസ് വരെ കളിച്ചിരുന്നു,’
ബംഗ്ലാദേശിനെതിരായ വിജയത്തോടെയാണ് ഗൗതം ഗംഭീര്‍ പരിശീലകനെന്ന തലത്തില്‍ തന്റെ ദൗത്യം ആരംഭിച്ചത്. ശ്രീലങ്കയില്‍ ഒരു ടി20 പരമ്പരയും ഇന്ത്യ വിജയിച്ചു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഏകദിന പരമ്പരയില്‍ തോല്‍വിയേറ്റുവാങ്ങി.
ന്യൂസിലന്‍ഡിനോട് സ്വന്തം മണ്ണിലും ഓസ്‌ട്രേലിയയോട് അവരുടെ തട്ടകത്തിലും ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങളുയര്‍ത്തി. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീട നേട്ടം ആരാധകരില്‍ ഗംഭീറിന്റെ സ്ഥാനം ഉറപ്പിച്ചു.
ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയാണ് ഇനി ഗംഭീറിന് മുമ്പിലുള്ളത്.
Content Highlight: Yograj Singh praises Gautam Gambhir