ഒട്ടാവ: മുസ്‌ലിം സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച കനേഡിയൻ പൗര അറസ്റ്റിൽ. കാനഡയിലെ ടൊറന്റോ നഗരത്തിനടുത്തുള്ള ഒരു പബ്ലിക് ലൈബ്രറിയിലായിരുന്നു സംഭവം. 25 വയസുള്ള മുസ്‌ലിം യുവതിയെ കനേഡിയൻ പൗര ആക്രമിക്കുകയും അവരുടെ ഹിജാബ് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭാഗ്യവശാൽ, ഗുരുതരമായ പരിക്കുകളൊന്നും ഇല്ലാതെ യുവതി രക്ഷപ്പെട്ടു.
സംഭവത്തിൽ കാലി-ആൻ ഫ്രീയറെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഡർഹാം റീജിയണൽ പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും പ്രൊബേഷൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടതിനും ഇവർക്കെതിരെ കേസെടുത്തു.
മാർച്ച് 22 ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹിജാബ് ധരിച്ച സ്ത്രീ ലൈബ്രറിയിൽ ഇരുന്ന് വായിക്കുകയായിരുന്നു. പെട്ടെന്ന്, പ്രതി അവരുടെ അടുത്തേക്ക് വരികയും മൂർച്ചയുള്ള വസ്തുക്കൾ അവരുടെ നേരെ എറിയുകയും ചെയ്തു. യുവതി നിലവിളിക്കുകയും സ്വയം പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ അക്രമി അവരുടെ ഹിജാബിൽ എന്തോ ദ്രാവകം ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് ഹിജാബ് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ട് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതോടെ അക്രമി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
എങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അക്രമിയെ പിടികൂടി. തനിക്ക് നേരെയൊരു ആക്രമണം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ആക്രമണത്തിനിരയായ യുവതി പറഞ്ഞു.
ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ലൈറ്റർ പ്രവർത്തിച്ചിരുന്നെങ്കിലോ? എന്റെ ഹിജാബിന് തീ പിടിച്ചിരുന്നെങ്കിലോ?’ എനിക്ക് അത് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. ഓർക്കുമ്പോൾ ഭയം തോന്നുന്നു. എന്റെ മുഖം പൊള്ളിയിരുന്നെങ്കിലോ, അവർ എറിഞ്ഞ കത്രികയും ലോഹവസ്തുവും എന്റെ കഴുത്തിൽ തട്ടിയിരുന്നെങ്കിൽ എനിക്ക് ജീവൻ നഷ്ടമായേനെ,’ അവർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ കാര്യത്തിൽ ജി 7 രാജ്യങ്ങളിൽ കാനഡയാണ് മുന്നിലെന്ന് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിച്ച നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഒമർ ഖമിസ പറഞ്ഞു.
ഒക്ടോബർ മുതൽ അടുത്ത മാസം വരെ നീട്ടിയിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് കാനഡയിലെ ഓരോ പാർട്ടിയും ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും എങ്ങനെ നേരിടണമെന്ന് ഒരു പദ്ധതി തയ്യാറാക്കണമെന്ന് ഖമിസ പറഞ്ഞു.
ശനിയാഴ്ച നടന്നത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എക്‌സിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. ‘ഇത്തരം അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ഇസ്‌ലാമോഫോബിയ യഥാർത്ഥമാണ്, അത് അപകടകരമാണ്, അത് അവസാനിപ്പിക്കണം. ആക്രമണത്തിനിരയായ യുവതിക്ക് ഞാൻ പരിപൂർണ പിന്തുണയറിയിക്കുന്നു. പൊലീസ് വേഗത്തിൽ നടപടിയെടുത്ത് അറസ്റ്റ് ചെയ്തതിൽ എനിക്ക് ആശ്വാസമുണ്ട്,’ മാർക്ക് കാർണി പറഞ്ഞു.
Content Highlight: Canadian attempts to set fire on hijab-wearing woman, arrested