മലയാളി പ്രേക്ഷകർക്ക് ഒരു പിടി നല്ല ഫീൽഗുഡ് സിനിമകൾ സമ്മാനിച്ച സംവിധായകനും നടനുമാണ് ജിസ് ജോയിയും ആസിഫ് അലിയും. ഇപ്പോൾ എല്ലാ പ്രേഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ആസിഫ് അലി – ജിസ് ജോയ് കോമ്പോ വീണ്ടും വരുന്നു.
ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിൽ ടി. ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല.
‘വളരെ പ്രതീക്ഷയോടെ പുതിയ യാത്രയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. മുൻ സിനിമകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് ആഗ്രഹിക്കുന്നു. എല്ലാ പ്രാർത്ഥനകളോടും സ്നേഹത്തോടും തുടർച്ചയായ പിന്തുണയോടും കൂടി സിനിമ പ്രഖ്യാപിക്കുന്നു’ നിർമാതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ സൂപ്പർഹിറ്റ് സിനിമൾക്ക് ശേഷം ജിസ് ജോയ് – ആസിഫ് അലി കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമയാണിത്. ജിസ് ജോയിയുടെ ആദ്യ ചിത്രം മുതൽ ആസിഫ് അലി ഭാഗമായിട്ടുണ്ട്.
ആസിഫ് അലി നായകനായി എത്തിയ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾ തുടർച്ചയായി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്ത് ആസിഫ് അലിയെ നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി ആണ് താരത്തിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയതും സേതുനാഥ് തന്നെയാണ്. വിഷുവിനോട് അനുബന്ധിച്ച് ഈ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകൾ.
Content Highlight: Asif Ali – Jis Joy combo again: Next film announced