Sports News
ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ ഇടിവെട്ട് ബാറ്റിങ്; ചെക്കന്‍ തൂക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 25, 06:42 am
Tuesday, 25th March 2025, 12:12 pm

ഐ.പി.എല്ലില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ എത്തിയ ദല്‍ഹി ക്യാപിറ്റല്‍സ് വിജയത്തോടെയാണ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്. ഒരു വിക്കറ്റിന്റെ ജയമാണ് ക്യാപിറ്റല്‍സ് ലഖ്നൗവിനെതിരെ സ്വന്തമാക്കിയത്. ഇംപാക്ട് പ്ലെയറായിയെത്തിയ യുവതാരം അശുതോഷ് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് ദല്‍ഹിക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ അശുതോഷ് ശര്‍മയ്ക്ക് പുറമെ മറ്റൊരു യുവ താരവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓള്‍ റൗണ്ടര്‍ വിപ്രജ് നിഗമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ലഖ്നൗവിനെതിരെയുള്ള മത്സരം താരത്തിന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു.

മത്സരത്തില്‍ 15 പന്തില്‍ 39 റണ്‍സാണ് വിപ്രജ് നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 260 സ്‌ട്രൈക്ക് റേറ്റിലാണ് ഇരുപതുകാരനായ ലെഗ് സ്പിന്നിങ് ഓള്‍ റൗണ്ടര്‍ ലഖ്നൗവിനെതിരെ ബാറ്റ് വീശിയത്.

ഈ പ്രകടനത്തോടെ യുവതാരം ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി.
ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന നേട്ടമാണ് വിപ്രജ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് താരമായ രചിന്‍ രവീന്ദ്രയാണ് രണ്ടാമത്.

ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ്

(താരം – എതിരാളികള്‍ – സ്‌ട്രൈക്ക് റേറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

വിപ്രജ് നിഗം – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 260 – 2025*

രചിന്‍ രവീന്ദ്ര – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 247 – 2024

സുരേഷ് റെയ്‌ന – പഞ്ചാബ് കിങ്സ് – 246 – 2008

അഭിഷേക് ശര്‍മ്മ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 242 -2018

അതോടെപ്പം ഐ.പി.എല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പത്ത് പന്തില്‍ ഒരു ബാറ്റര്‍ നേടിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സെന്ന നേട്ടവും വിപ്രജ് കരസ്ഥമാക്കി. ഇന്ത്യന്‍ താരമായ അഭിഷേക് ശര്‍മയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്.

ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ആദ്യ പത്ത് പന്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

(താരം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ്മ – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 30*- 2018

വിപ്രജ് നിഗം – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 29*- 2025

രചിന്‍ രവീന്ദ്ര – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 22*- 2024

ഷോണ്‍ പൊള്ളോക്ക് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 27*- 2008

Content Highlight: IPL 2025: DC vs LSG: Delhi Capitals Young Player Bags Record For His Explosive Batting In IPL Debut