national news
അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാന്‍ ബി. ആര്‍. ഗവായ്; സത്യപ്രതിജ്ഞ മെയ് 14ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 05:36 pm
Wednesday, 16th April 2025, 11:06 pm

ന്യൂദല്‍ഹി: അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍. ഗവായ് ചുമതലയേല്‍ക്കും. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

കേന്ദ്ര സര്‍ക്കാറിനോട് മുതിര്‍ന്ന ജഡ്ജി ആയ ബി. ആര്‍ ഗവായിയെ ചീഫ് ജസ്റ്റിസ് ആക്കുവാന്‍ സഞ്ജീവ് ഖന്ന ശുപാര്‍ശ ചെയ്തു. ഇതോടെ രാജ്യത്തെ പരമോന്നത കോടതിയുടെ 52ാമത് ചീഫ് ജസ്റ്റിസായി ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും.

മെയ് 13നാണ് നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ചുമതല ഒഴിയുന്നത്. നിര്‍ണായക വിധികള്‍ പലതും പുറപ്പെടുവിച്ച ബെഞ്ചില്‍ ജസ്റ്റിസ് ഗവായിയും അംഗമായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന വിധിയും 2016ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച സുപ്രീം കോടതി വിധിയും അതില്‍ ഉള്‍പ്പെടുന്നു.

2007ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കെ.ജി. ബാലകൃഷ്ണന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ജസ്റ്റിസ് ഗവായ്.

1960 നവംബര്‍ 24ന് അമരവാതിയിലായിരുന്നു ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി.ആര്‍ ഗവായിയുടെ ജനനം. 1985 മാര്‍ച്ച് 16ന് അദ്ദേഹം അഭിഭാഷകനായി എന്റോള്‍ചെയ്തു. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ. എസ്. ബോണ്‍സാലെയുടെ കീഴിലായിരുന്നു തുടക്കത്തില്‍ ഗവായ് പരിശീലിച്ചിരുന്നത്. 1987- 1990 കാലഘട്ടത്തില്‍ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പരിശീലനം നടത്തി.

2000ല്‍ നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2003ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും 2005ല്‍ സ്ഥിരം ജഡ്ജിയായും ജസ്റ്റിസ് ഗവായ് നിയമിതനായി. 2019ല്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

Content Highlight: B.R. Gavai To Take Oath As next chief Justice Of India